Categories
international news trending

കൂട്ടിയിട്ട മൃതദേഹങ്ങള്‍ക്ക് നടുവില്‍ വാര്‍ത്താ സമ്മേളനം; നടത്തിയത് ഗസ്സ ആശുപത്രി ഡോക്ടര്‍മാര്‍

കൈകാലുകള്‍ നഷ്ടമായ കുഞ്ഞുങ്ങള്‍ വേറെ. മൃതശരീരങ്ങളും ചിതറിയ ശരീരഭാഗങ്ങളാലും നിറഞ്ഞിരുന്നു പരിസരമാകെ

ഗസ്സ സിറ്റി: ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ശവശരീരങ്ങള്‍ക്ക് നടുവില്‍ നിന്നുകൊണ്ട് ഗസ്സയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു, ലോകമേ കണ്ണുതുറന്ന് കാണൂ, ഈ കൂട്ടക്കുരുതി. സൈന്യം ചൊവാഴ്‌ച ബോംബുകള്‍ വര്‍ഷിച്ച ഗസ്സ അല്‍ അഹ്‍ലി ആശുപത്രിയിലാണ് കൂട്ടിയിട്ട മൃതദേഹങ്ങള്‍ക്ക് നടുവില്‍ വാര്‍ത്താ സമ്മേളനം നടത്തി ആക്രമണത്തിന്‍റെ ഭീകരത പുറംലോകത്തെ അറിയിച്ചത്.

മനുഷ്യത്വം മരവിക്കുന്ന നരവേട്ടയില്‍ ആശുപത്രിയില്‍ കൊല്ലപ്പെട്ടത് കുട്ടികള്‍ ഉള്‍പ്പെടെ 500ലേറെ പേരാണ്. വെള്ളത്തുണിയില്‍ പൊതിഞ്ഞ, മുറിവുകളില്‍ നിന്ന് ചോരയുണങ്ങാത്ത മൃതദേഹങ്ങള്‍ക്ക് നടുവില്‍ നിന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത്, ഇത് യുദ്ധമല്ല കൂട്ടക്കൊല ആണെന്നായിരുന്നു. ആരോഗ്യ പ്രവര്‍ത്തകരിൽ ഒരാള്‍ കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞിന്‍റെ ചോരപുരണ്ട മൃതദേഹം കൈയിലേന്തിയിരുന്നു.

‘ആശുപത്രിയില്‍ ശസ്ത്ര ക്രിയയിലായിരുന്നു ഞാൻ. വലിയ സ്ഫോടന ശബ്ദം കേട്ടാണ് മുറിക്ക് പുറത്തേക്ക് വന്നത്. ഓപറേഷൻ മുറിയുടെ സീലിംഗ് പാടെ തകര്‍ന്നുവീണു. ഇത് കൂട്ടക്കൊലയാണ്’ -ഡോ. ഗസ്സൻ അബു സിത പറഞ്ഞു. സന്നദ്ധ സംഘടനയായ ‘ഡോക്ടേഴ്‌സ്‌ വിത്തൗട്ട് ബോര്‍ഡേര്‍സ്’ അംഗമാണ് ഇദ്ദേഹം.

പുറത്തേക്ക് ഓടിവന്ന ഞാൻ കണ്ടത് കുഞ്ഞുങ്ങളുടെ മൃതദേഹം ചിതറി കിടക്കുന്നതാണ്. കൈകാലുകള്‍ നഷ്ടമായ കുഞ്ഞുങ്ങള്‍ വേറെ. മൃതശരീരങ്ങളും ചിതറിയ ശരീരഭാഗങ്ങളാലും നിറഞ്ഞിരുന്നു പരിസരമാകെ -ഡോക്ടര്‍ പറഞ്ഞു.

ഫലസ്തീൻ ആരോഗ്യ മന്ത്രാലയെ വക്താക്കളും ഡോക്ടര്‍മാര്‍ക്ക്‌ ഒപ്പമുണ്ടായിരുന്നു. ‘ജീവിതത്തില്‍ ഇതുപോലൊരു കാഴ്‌ച കാണേണ്ടി വന്നിട്ടില്ല. സിനിമയിലോ സങ്കല്‍പത്തിലോ മറ്റെവിടെയെങ്കിലുമോ ഇത്തരമൊരു കാഴ്‌ച കണ്ടിട്ടില്ല’ -ആരോഗ്യ മന്ത്രാലയം വക്താവ് പറഞ്ഞു.

ആക്രമണത്തില്‍ പരിക്കേറ്റ നിരവധി പേര്‍ ചികിത്സ തേടിയെത്തിയ സ്ഥലമാണ് അല്‍ അഹ്‍ലി ബാപ്റ്റിസ്റ്റ് ആശുപത്രി. ഇസ്രായേല്‍ അധിനിവേശ സൈന്യം വീടുകള്‍ തകര്‍ത്തതിനെ തുടര്‍ന്ന് നിരാലംബരായ അനേകം മനുഷ്യരും ഇതിൻ്റെ മുറ്റത്ത് അഭയം തേടിയിരുന്നു.

ആതുരാലയമായതിനാല്‍ അക്രമങ്ങളില്‍ നിന്ന് സുരക്ഷിതമായിരിക്കും എന്ന പ്രതീക്ഷയിലായിരുന്നു അവര്‍ എത്തിയത്. എന്നാല്‍, എല്ലാ പ്രതീക്ഷകളെയും മനുഷ്യത്വത്തെയും കത്തിച്ചാമ്പലാക്കി ആകാശത്ത് നിന്ന് തീതുപ്പി. പിഞ്ചുമക്കളെയും പ്രായമായവരെയും അടക്കം 500ലേറെ പേരെയാണ് നിമിഷങ്ങള്‍ക്കകം ചാമ്പലാക്കിയത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest