
വടകര: ആർ.എം.പി കേന്ദ്ര കമ്മിറ്റി അംഗം കെ.എസ് ഹരിഹരൻ്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ പൊലീസ് കേസെടുത്തു. മഹിളാ അസോസിയേഷൻ നൽകിയ പരാതിയിലാണ് വടകര പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, സമൂഹത്തിൽ ലഹളയുണ്ടാക്കാൻ ശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.
ഹരിഹരനെതിരെ ഡിവൈഎഫ്ഐ ഡി.ജി പി ക്കും വടകര റൂറൽ എസ്.പിക്കും പരാതി നൽകിയിട്ടുണ്ട്. ഇതിലും കേസെടുക്കാൻ സാധ്യതയുണ്ട്.
അതേസമയം ഹരിഹരൻ്റെ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം തുടരുകയാണ്. ഹരിഹരനെതിരെ നിയമനടപടി ആവശ്യപ്പെട്ട് സി.പി ഐ എമ്മും പൊലീസിനെ സമീപിച്ചേക്കും.

കഴിഞ്ഞ ദിവസം വടകരയിൽ സി.പി.ഐ.എം വർഗീയത പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് യു.ഡി എഫും ആർ.എം.പിയും നടത്തിയ ജനകിയ ക്യാമ്പയിനിലായിരുന്നു ഹരിഹരൻ്റെ വിവാദ സ്ത്രീവിരുദ്ധ പരാമർശം.
അതിനിടെ കെ.എസ് ഹരിഹരൻ്റെ വീടിന് നേരെ ബോംബാക്രമണം ഉണ്ടായതായി പരാതി ഉയർന്നു. തേഞ്ഞിപ്പലത്ത് ഞായറാഴ്‌ച രാത്രി എട്ടരയോടെയാണ് സംഭവമുണ്ടായത്. ബോംബ് വീടിൻ്റെ ചുറ്റുമതിലില്‍ തട്ടി പൊട്ടിയതിനാല്‍ വന്‍ അപകടം ഒഴിവായതായും പറയുന്നു. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് സ്‌ഫോടക വസ്‌തു എറിഞ്ഞെന്നാണ് ഹരിഹരന്‍ വ്യക്തമാക്കുന്നത്. തേഞ്ഞിപ്പലം പൊലീസ് എത്തി പരിശോധന നടത്തിയെങ്കിലും ബോംബല്ല വിഷു പടക്കമാണ് എറിഞ്ഞതെന്ന് കണ്ടെത്തി.
ഹരിഹരൻ്റെ വീടിന് പരിസരത്ത് ഒരു കാറിൻ്റെ സാന്നിധ്യമുണ്ടായിരുന്നു എന്നും കാറിൻ്റെ നമ്പരടക്കം നല്‍കി ഇക്കാര്യം മലപ്പുറം എസ്.പിയെ അറിയിക്കുകയും ചെയ്‌തിരുന്നു. വൈകുന്നേരം ഗേറ്റിന് മുന്നില്‍ വന്ന് തെറി വിളിച്ചതായും പരാതിയുണ്ട്. സ്ത്രീവിരുദ്ധ പരാമർശത്തിൽ ഹരിഹരൻ പരസ്യമായി മാപ്പ് പറഞ്ഞിരുന്നു.
