കാസര്‍കോട്: നഗരസഭയുടെ കൗണ്‍സില്‍ ഹാളിലെ സീലിങ് അടര്‍ന്നുവീണു. മഴവെള്ളം ചോര്‍ന്നുവരുന്നതിനെ തുടര്‍ന്ന് രണ്ടര വര്‍ഷം മുമ്പ് പുതുക്കി പണിത ഹാളിലാണ് സംഭവം. ഇതേതുടര്‍ന്ന് ഇപ്പോള്‍ മഴവെള്ളം അകത്തേക്ക് ചോര്‍ന്നുവരുന്നതായി കൗണ്‍സിലര്‍മാര്‍ പറയുന്നു. വെള്ളം കയറിയതിനെ തുടര്‍ന്ന് അകത്തുസ്ഥാപിച്ച വാള്‍ പാനലുകളും നശിച്ചിട്ടുണ്ട്. മഴവെള്ളം ചോര്‍ന്ന് മുറികളിലേക്ക് ഒലിച്ചുവരുന്നതിനെ തുടര്‍ന്നാണ് കഴിഞ്ഞ നഗരസഭാ ഭരണസമിതി 40 ലക്ഷം രൂപ ചിലവിട്ട് ഹാള്‍ മോടിപിടിപ്പിക്കാന്‍ തീരുമാനമെടുത്തത്. ഇതേതുടര്‍ന്ന് മീറ്റിങ് ഹാളിന്റെ കോണ്‍ക്രീറ്റിന് മുകളില്‍ അലുമിനിയം മേല്‍ക്കൂര സ്ഥാപിക്കുകയായിരുന്നു. ഹാളികത്ത് ജിപ്‌സം സീലിങ്ങും സ്ഥാപിച്ചിരുന്നു. എന്നാല്‍ നിര്‍മാണത്തിലെ അശാസ്ത്രീയത കാരണം സീലിങ് അടര്‍ന്നുവീഴുകയാണെന്നാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നത്.
തുലാവര്‍ഷം ശക്തിപ്പെട്ടാല്‍ അകത്ത് പൂര്‍ണമായും വെള്ളം കയറുമെന്നും അകത്തുള്ള ഫര്‍ണിച്ചറുകള്‍ നശിക്കുമെന്നും അധികൃതര്‍ തന്നെ പറയുന്നു. രാജപ്രൗഡിയോടെ ലക്ഷങ്ങള്‍ ചിലവിട്ട് നിര്‍മിച്ച ഹാള്‍ ഇതോടെ നോക്കുകുത്തിയാവുകയാണ്. നിര്‍മിച്ച കരാറുകാരെ കൊണ്ട് ഉടന്‍ അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യവും ഉയര്‍ന്നുകഴിഞ്ഞു.