2020 ഓസ്‌കാര്‍ : മികച്ച നടനായി ജോക്കര്‍ സിനിമയിലെ അഭിനയത്തിന് വാക്വീന്‍ ഫീനിക്‌സ്; മികച്ച നടി റെനി സെല്‍വഗര്‍

  • Post category:entertainment / news
  • Reading time:2 mins read
You are currently viewing 2020 ഓസ്‌കാര്‍ : മികച്ച നടനായി ജോക്കര്‍ സിനിമയിലെ അഭിനയത്തിന് വാക്വീന്‍ ഫീനിക്‌സ്; മികച്ച നടി റെനി സെല്‍വഗര്‍

ഈ വര്‍ഷത്തെ ഓസ്‌കാര്‍ ജേതാക്കളെ പ്രഖ്യാപിച്ചു. പ്രതീക്ഷയോടെ കാത്തിരുന്ന 92ാംമത് അവാര്‍ഡുകളാണ് പ്രഖ്യാപിച്ചത്. മികച്ച നടനായി ജോക്കര്‍ സിനിമയിലെ അഭിനയത്തിന് വാക്വീന്‍ ഫീനിക്‌സ് അര്‍ഹനായി. മികച്ച നടി റെനി സെല്‍വഗര്‍. ഡോള്‍ബി തീയേറ്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ ബോങ് ജൂ ഹോയെ(പാരസൈറ്റ്) മികച്ച സംവിധായകനായി തിരഞ്ഞെടുത്തു.

മാര്യേജ് സ്റ്റോറിയിലെ അഭിനയത്തിന് ആദം ഡ്രൈവര്‍, ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്’ എന്ന ചിത്രത്തിലെ ലിയനാര്‍ഡോ ഡികാപ്രിയോ, ‘പെയിന്‍ ആന്‍ഡ് ഗ്ലോറി’യിലെ അന്റോണിയോ ബന്റിറാസ്, ‘ദി ടു പോപ്പ്‌സിലെ’ ജോനാഥന്‍ പ്രൈസി എന്നിവരെ പിന്തള്ളിയാണ് വാക്വീന്‍ ഫീനിക്‌സ് മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.

മികച്ച സഹനടനുളള പുരസ്‌കാരം ബ്രാഡ് പിറ്റ് നേടി. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. മാര്യേജ് സ്റ്റോറിയിലെ അഭിനയത്തിന് ലോറ ഡേണിനെ മികച്ച സഹനടിയായി തെരഞ്ഞെടുത്തു. ബോങ് ജൂ ഹോ സംവിധാനം ചെയ്ത പാരസൈറ്റിനാണ് മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം. ബോങ് ജൂ ഹോയും ഹാന്‍ ജിന്‍ വോണും ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി. ഇതോടെ ഈ അവാര്‍ഡ് നേടുന്ന ആദ്യ കൊറിയന്‍ ചിത്രമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് പാരസൈറ്റ്. മികച്ച വിദേശ ഭാഷ ചിത്രമായും തിരഞ്ഞെടുത്തത് പാരസൈറ്റിനെയാണ്.

തായ്ക വൈറ്റിറ്റി തിരക്കഥയെഴുതിയ ജോ ജോ റാബിറ്റിനാണ് മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം. മികച്ച ആനിമേറ്റഡ് ചിത്രമായി ‘ടോയ് സ്‌റ്റോറി 4’ തിരഞ്ഞെടുത്തു. ഹെയര്‍ ലവാണ് ആണ് മികച്ച ആനിമേറ്റഡ് ഹ്രസ്വചിത്രം. ദ നെയ്‌ബേഴ്‌സ് വിന്‍ഡോയാണ് മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട് ഫിലിമായി തിരഞ്ഞെടുത്തത്. മികച്ച വസ്ത്രാലങ്കരത്തിനുള്ള പുരസ്‌കാരം ലിറ്റില്‍ വിമന്‍ സ്വന്തമാക്കി. ജാക്വിലിന്‍ ഡുറാന്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡിനാണ് മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ പുരസ്‌കാരം. ഫോര്‍ഡ് ദ ഫെറാറിക്കാണ് മികച്ച ശബ്ദലേഖനത്തിനുള്ള അവാര്‍ഡ്. ഫോര്‍ഡ് ദ ഫെറാറിയുടെ എഡിറ്റിങ്ങിന് ആന്‍ഡ്രൂ ബക്ക്‌ലാന്‍ഡിന് പുരസ്‌കാരം.ഒന്നാം ലോകമഹായുദ്ധം പശ്ചാത്തലമാക്കി നിര്‍മിച്ച 1917നാണ് മികച്ച ശബ്ദമിശ്രണത്തിനുള്ള അവാര്‍ഡ്. ഇതേ ചിത്രത്തിന് റോജര്‍ ഡീകിന്‍സിനാണ് മികച്ച ഛായാഗ്രഹണണത്തിനുള്ള പുരസ്‌കാരം ലഭിച്ചത്.

0Shares