
കോഴിക്കോട്:പ്രശസ്ത സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു. 75 വയസായിരുന്നു. ഇന്ന് രാവിലെ ഏഴ് നാല്പതോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാല് ദിവസം മുമ്പാണ് ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ഇരിക്കെയായിരുന്നു അന്ത്യം.
1940ല്‍ കോഴിക്കോടാണ് പുനത്തില്‍ ജനിച്ചത്.കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. 2009ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം ലഭിച്ചിട്ടുണ്ട്. ആയിരത്തി തൊള്ളായിരത്തി അറുപതുകളില്‍ തന്നെ അപൂര്‍വമായ അലിഗഢ് കഥകളുമായി അദ്ദേഹം ആഖ്യാന സാഹിത്യത്തിലേക്ക് കടന്നുവന്നു. ആദ്യം മുതലേ അന്യാദൃശവും ആകര്‍ഷകവുമായ ഒരു ഭാഷാശൈലിയുടെ ഉടമയായിരുന്നു അദ്ദേഹം.
മടപ്പള്ളി ഗവ. ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്കൂളില്‍ വിദ്യാര്‍ഥിയായിരിക്കെ പതിനാലാം വയസ്സില്‍ ആദ്യ കഥ എഴുതി. പതിനാറാം വയസ്സില്‍ ബാലപംക്തിയില്‍ ആദ്യകഥ അച്ചടിമഷി പുരണ്ടു. ‘അസ്സന്‍കുട്ടിക്ക് ഷോടതി അടിച്ചപ്പോള്‍’ എന്നായിരുന്നു കുഞ്ഞബ്ദുള്ള നല്‍കിയ തലക്കെട്ട്. എം ടി ആ തലക്കെട്ട് തിരുത്തി ‘ഷോടതി’ എന്നാക്കി. പത്തൊമ്പതാം വയസ്സില്‍ കുഞ്ഞബ്ദുള്ളയുടെ ആദ്യകഥ മുതിര്‍ന്നവരുടെ പംക്തിയില്‍ പ്രസിദ്ധീകരിച്ചു. ‘കല്ല്യാണരാത്രി’. ഇതിന്റെ തലക്കെട്ടും എം. ടി തിരുത്തിയതാണ്.
ആധുനികതാവാദം ജീവിതത്തിന്റെ സമസ്ത മേഖലകളിലും കൊടികുത്തിവാഴുന്ന കാലത്താണ് പുനത്തില്‍ കഥ എഴുതിത്തുടങ്ങിയത്. എഴുത്തിലെ കല്‍പ്പനകള്‍ ജീവിതത്തില്‍ ബുദ്ധിജീവി ജാടകളായി പരിണമിച്ചപ്പോള്‍ അതിന്റെ പുറന്തോട് പേറിയവരെ നോക്കി പുനത്തില്‍ സഹതാപപൂര്‍വം ചിരിച്ചു. ആധുനികരുടെ മുന്‍നിരയില്‍ എഴുതിത്തുടങ്ങിയിട്ടും പുനത്തിലിന്റേത് വേറിട്ട വഴിയായിരുന്നു.
