സി.പി.എം നേതാവ് ജി.ഡി.നായര്‍ അന്തരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing സി.പി.എം നേതാവ് ജി.ഡി.നായര്‍ അന്തരിച്ചു

പയ്യന്നൂര്‍: സി.പി.എം നേതാവും പയ്യന്നൂര്‍ നഗരസഭയുടെ മുന്‍ ചെയര്‍മാനുമായിരുന്ന ജി.ഡി.നായര്‍ (ജി. ദാമോദരന്‍ നായര്‍ – 78) അന്തരിച്ചു. കരിവെള്ളൂരില്‍ സി.പി.എം.ലോക്കല്‍ സമ്മേളനത്തില്‍ പങ്കെടുത്ത് അന്നൂരിലെ വീട്ടിലെത്തിയ ശേഷം നെഞ്ചുവേദനയെ തുടര്‍ന്ന് ബുധനാഴ്ച രാത്രി ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. നിലവില്‍ സി.പി.എം ഏരിയാ കമ്മിറ്റി അംഗമായ ജി.ഡി.നായര്‍ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറഞ്ഞ സാന്നിദ്ധ്യമാണ്. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന ഭാരവാഹിയും പയ്യന്നൂരിലെ സഹകരണ ഹോട്ടലായ കൈരളിയുടെ സഹകരണ സംഘം പ്രസിഡന്റുമാണ്. പയ്യന്നൂര്‍ റൂറല്‍ ബാങ്ക് പ്രസിഡന്റ്, കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ്, കണ്ണൂര്‍ സര്‍വ്വകലാശാല സെനറ്റംഗം, കേരള പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡംഗം, തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 31 വര്‍ഷം കണ്ടങ്കാളിയിലെ പയ്യന്നൂര്‍ മുനിസിപ്പല്‍ സ്‌കൂളില്‍ അദ്ധ്യാപകനായിരുന്നു. നിരവധി ലേഖനങ്ങളും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.ജി.ഡി.നായരുടെ മൃതദേഹം വ്യാഴാഴ്ച രണ്ടു മണിക്ക് പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കിലും, മൂന്നു മണിക്ക് അന്നൂര്‍ വേമ്പു സ്മാരക വായനശാലയിലും പൊതുദര്‍ശനത്തിന് വയ്ക്കും. അഞ്ചു മണിയോടെ കണ്ടങ്കാളിയില്‍ സംസ്‌കരിക്കും.ജി.ഡി നായരുടെ നിര്യാണത്തില്‍ മുഖമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. പയ്യന്നൂരിന്റെ സാമൂഹ്യ-രാഷ്ട്രീയ മേഖലയില്‍ ജി ഡി നായരുടെ പേര് എന്നും നിലനില്‍ക്കും. ലൈബ്രറി കൌണ്‍സില്‍ സംസ്ഥാന ഭാരവാഹി എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച അദ്ദേഹം അഖിലേന്ത്യാ സമാധാന ഐക്യദാര്‍ഢ്യസമിതി ( ഐപ്‌സോ )യുടെ കണ്ണൂര്‍ ജില്ലാ ഭാരവാഹി കൂടിയായിരുന്നു. അധ്യാപക സംഘടനയെ ദീര്‍ഘകാലം നയിച്ച ജി ഡി എഴുത്തുകാരന്‍ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു. പാര്‍ട്ടി ചരിത്രം തയ്യാറാക്കുന്നതില്‍ പ്രധാന പങ്കാണ് അദ്ദേഹം വഹിച്ചിരുന്നത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖം പങ്കിടുന്നതായും മുഖ്യമന്ത്രി അറിയിച്ചു. ശാന്തമ്മയാണ് ഭാര്യ. മക്കള്‍: ശ്രീലേഖ, മനോജ്, സുനില്‍. മരുമക്കള്‍: പ്രിയ (അദ്ധ്യാപിക, അന്നൂര്‍ യു.പി.സ്‌കൂള്‍), ശുഭ,ഗംഗാധരന്‍ (റിട്ട. അദ്ധ്യാപകന്‍).

 

0Shares