സമയത്ത് ഫ്ലൈറ്റും കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹെലികോപ്ടര്‍ എടുക്കാനും സമ്മതിച്ചില്ല; വോട്ട് ചെയ്യാന്‍ സാധിക്കാതെ സുരേഷ് ഗോപി

  • Post category:news
  • Reading time:1 min read
You are currently viewing സമയത്ത് ഫ്ലൈറ്റും കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹെലികോപ്ടര്‍ എടുക്കാനും സമ്മതിച്ചില്ല; വോട്ട് ചെയ്യാന്‍ സാധിക്കാതെ സുരേഷ് ഗോപി

ഇന്നലെ പോളിംഗ് അവസാനിക്കാന്‍ വെറും ഒരു മണിക്കൂര്‍ മാത്രം നോക്കി നില്‍ക്കെ വോട്ട് ചെയ്യാന്‍ സ്ഥാനാര്‍ത്ഥിക്ക് മോഹം. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കൃത്യസമയത്ത് തന്‍റെ മണ്ഡലത്തില്‍ എത്താന്‍ കഴിയില്ല എന്നതുകൊണ്ട് ആ ശ്രമം ഉപേക്ഷിച്ചു. വേറെ ആര്‍ക്കുമല്ല, തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കാണ് വോട്ട് രേഖപ്പെടുത്താന്‍ കഴിയാതിരുന്നത്.

തൃശൂരില്‍ നിന്നും തിരുവനന്തപുരത്തുള്ള ബൂത്തില്‍ എത്താന്‍ കോപ്റ്റര്‍ ലഭിക്കാതിരുന്നതോടെയാണ് വോട്ട് ചെയ്യാനുള്ള നീക്കം സുരേഷ് ഗോപി അവസാന നിമിഷം ഉപേക്ഷിച്ചത്. ഇന്നലെ രാവിലെ തൃശൂരിലെ പോളിംഗ് വിലയിരുത്തിയ ശേഷം വൈകീട്ടോടെ തിരുവനന്തപുരത്ത് എത്താനായിരുന്നു സുരേഷ് ഗോപിയുടെ പദ്ധതി.

എന്നാല്‍, മണ്ഡലത്തിലെ തിരക്കുകള്‍ കഴിഞ്ഞ തിരുവനന്തപുരത്തേക്ക് ഫ്‌ളൈറ്റ് എടുക്കാന്‍ നോക്കിയപ്പോള്‍ ആ സമയത്ത് ഫ്‌ളൈറ്റ് ലഭിച്ചില്ല. അതോടെ, തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ ഉപയോഗിക്കാമെന്നായി ആലോചന. എന്നാല്‍ പ്രചരണത്തിന് ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ വോട്ടെടുപ്പ് ദിവസം ഉപയോഗിക്കാന്‍ ആകില്ലെന്ന് കമ്മീഷന്‍ അറിയിച്ചു.

എന്നാല്‍ പിന്നെ കല്യാണ്‍ ഗ്രൂപ്പിന്‍റെ ഹെലികോപ്റ്റര്‍ ഉപയോഗിക്കാന്‍ തിരുമാനിച്ചപ്പോഴേക്കും സമയം കഴിഞ്ഞിരുന്നു. വൈകി തിരുവനന്തപുരത്ത് എത്തിയാലും വോട്ട് ചെയ്യാന്‍ സാധിക്കില്ലെന്ന് ബോധ്യമായതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

0Shares