
തിരുവനന്തപുരം: സംഘപരിവാര്‍ ഭീകരതക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് സി. പി. എം മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്ക്കാര കമ്മീഷന്‍ അധ്യക്ഷനുമായ വി. എസ്. അച്യുതാനന്ദന്‍. തങ്ങളെ അംഗീകരിക്കാത്തവരെ കൊന്നു കളയുകയെന്നുള്ളതാണ് ഫാസിസം കാലങ്ങളായി ചെയ്തുവരുന്നത്. ഗാന്ധിജിയെ കൊന്ന ഗോഡ്സെക്കു മഹത്വം കല്‍പ്പിക്കുന്നതില്‍ തുടങ്ങി, ഭരണകൂട സംവിധാനങ്ങളെ ഉപയോഗിച്ചും തുടരുന്ന ഫാസിസ്റ്റ് കൊലപാതക പരമ്പരയിലെ ഒടുവിലത്തെ ഇരയാണ് ഗൗരി ലങ്കേഷ്, ഫാസിസ്റ്റുകളുടെ ഈ ഉന്മൂലന പ്രക്രിയയെ ഇന്ത്യയിലെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒരുമിച്ചു നിന്നു പ്രതിരോധിക്കേണ്ടതുണ്ട്. ഈ ഉന്മൂലന വ്യവസ്ഥയ്ക്കെതിരെ വിശാലമായ പ്രതിരോധ മുന്നണിയുണ്ടാക്കാന്‍ കഴിയണം. സംഘപരിവാര്‍ ഫാഷിസ്റ്റുകള്‍ക്കെതിരെ പ്രതിരോധത്തിന്റെ വന്‍ പടയൊരുക്കം തന്നെ അനിവാര്യമായിരിക്കുന്നെന്നും വി. എസ് പറഞ്ഞു.

സംഘപരിവാര്‍ ഹിന്ദു അജണ്ഡക്കെതിരെ ശക്തമായി നിലകൊണ്ട ഗൗരി ലങ്കേഷിന്റെ കൊലപാതകം രാജ്യത്തെമ്പാടും പ്രതിക്ഷേധത്തിന് ഇടയാക്കി. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ത്തിക്കൊണ്ടുവരാന്‍ ജനാധിപത്യ മതനിരപേക്ഷവാദികള്‍ തയ്യാറാവണമെന്ന് വി.എസ് ആവശ്യപ്പെട്ടു.
