ന്യൂഡല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രിയായി ശശികലയുടെ സത്യപ്രതിജ്ഞ തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും. തമിഴ്‌നാട്ടിലെ സട്ട പഞ്ചായത്ത് ഇയക്കം എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറിയായ സെന്തില്‍ കുമാറാണ് ഹര്‍ജിക്കാരന്‍. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിധിവരുന്നത് വരെ ശശികല മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.

മുഖ്യമന്ത്രിയായ ശശികലയെ കോടതി ശിക്ഷിച്ചാല്‍ അവര്‍ രാജി വയ്‌ക്കേണ്ടി വരും അങ്ങനെ വന്നാല്‍ അത് തമിഴ്‌നാട്ടില്‍ കലാപമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് കാണിച്ചാണ് ഹര്‍ജി നല്‍കിയത്. ശശികല അടക്കമുള്ളവരെ വെറുതെ വിട്ടതിനെതിരെ കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. 63 കോടിയുടെ സ്വത്ത് അനധികൃത കൈവശം വച്ചതാണ് ജയലളിതയ്ക്കും ശശികലയ്ക്കുമെതിരെയുള്ള കേസ്.