വീണ്ടും തേന്‍കെണി തട്ടിപ്പ്; കാസര്‍കോട്ടെ വ്യാപാരിയെ കുടുക്കിലാക്കിയ മൂന്നുപേര്‍ വയനാട്ടില്‍ അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing വീണ്ടും തേന്‍കെണി തട്ടിപ്പ്; കാസര്‍കോട്ടെ വ്യാപാരിയെ കുടുക്കിലാക്കിയ മൂന്നുപേര്‍ വയനാട്ടില്‍ അറസ്റ്റില്‍

മാനന്തവാടി: കാസര്‍കോട് സ്വദേശിയായ യുവവ്യാപാരിയെ ഹണി ട്രാപ്പില്‍ പെടുത്തി പണം തട്ടാന്‍ ശ്രമിച്ച മൂന്നുപേര്‍ മാനന്തവാടി പോലീസിന്റെ പിടിയിലായി. കോഴിക്കോട് സ്വദേശികളായ മൂന്ന് യുവാക്കളെയാണ് മാനന്തവാടി സി.ഐ. പി.കെ. മണിയും സംഘവും അറസ്റ്റ് ചെയ്തത്. തൊട്ടില്‍പ്പാലം കുണ്ടുതോട് കിണറുള്ള പറമ്പത്ത് വീട്ടില്‍ അജ്മല്‍ (33), കുറ്റ്യാടി വളയം നെല്ലിക്കണ്ടി പീടിക ഇടത്തിപൊയില്‍ വീട്ടില്‍ കെ.കെ. ഫാസില്‍ (26), കുറ്റ്യാടി അടുക്കത്ത് കാക്കോട്ട് ചാലില്‍ അമ്ബലക്കണ്ടി വീട്ടില്‍ കെ.സി. സുഹൈല്‍ (29) എന്നിവരെയാണ് ശനിയാഴ്ച കോഴിക്കോട്ടുനിന്ന് മാനന്തവാടി പോലീസ് പിടികൂടിയത്. തട്ടിപ്പിനായി ഇവര്‍ ഉപയോഗിച്ച മൂന്ന് കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തു. യുവ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 15 ലക്ഷം രൂപയാണ് ഇവര്‍ മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. കഴിഞ്ഞ 16- നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മാനന്തവാടി സ്വദേശിനിയായ സ്ത്രീയുടെ സഹായത്തോടെ ഇവര്‍ യുവവ്യാപാരിയെ ഹണി ട്രാപ്പില്‍ കുടുക്കുകയായിരുന്നു. സ്ത്രീ മുഖേന വ്യാപാരിയെ മാനന്തവാടിയിലേക്ക് വിളിച്ചുവരുത്തി കര്‍ണാടകയിലെ പൊന്നമ്പേട്ടയിലേക്ക് തട്ടിക്കൊണ്ടുപോവുകയുമായിരുന്നു. ലോഡ്ജില്‍ മുറിയെടുത്ത് വ്യാപാരിയെ താമസിപ്പിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടു. പിന്നീട് ദേഹോപദ്രവം ഏല്പിക്കുകയും കണ്ണില്‍ മുളകുപൊടി വിതറുകയും ചെയ്തു. വ്യാപാരിയുടെ എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീടും പണത്തിനായി വിലപേശല്‍ തുടര്‍ന്നു. ഒടുവില്‍ കണ്ണൂരില്‍നിന്ന് വ്യാപാരിയുടെ സുഹൃത്ത് വഴി ഒന്നരലക്ഷം രൂപ കൈപ്പറ്റിയ ശേഷമാണ് വിട്ടയച്ചത്. മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ മൂവരെയും റിമാന്‍ഡ് ചെയ്തു. അജ്മലിനുനേരെ വെള്ളമുണ്ട പോലീസ് സ്റ്റേഷനില്‍ വധശ്രമത്തിനും ഫാസിലിനുനേരെ കുറ്റ്യാടി സ്റ്റേഷനില്‍ ബലാത്സംഗത്തിനും കേസുകളുണ്ട്. മാനന്തവാടി സ്റ്റേഷനില്‍ കഞ്ചാവ് കേസിലും പ്രതിയാണ് ഫാസില്‍.

0Shares