
കാസർകോട്: മാറ്റിവെച്ച രണ്ടാമത് കാസർകോട് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഡിസംബർ 29,30,31 തീയതികളിൽ നടക്കും. നേരത്തെ സെപ്റ്റംബറിൽ നടത്താൻ നിശ്ചയിച്ചിരുന്ന ചലച്ചിത്രോത്സവും ഹൃസ്വ ചിത്ര മത്സരവും കേരളത്തെ ബാധിച്ച പ്രളയ ദുരന്തം കാരണം മാറ്റിവെക്കുകയായിരുന്നു. കാസർകോടിനൊരിടം സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് മുൻസിപ്പൽ കോൺഫറൻസ് ഹാൾ, വനിതാ ഭവൻ എന്നിവയായിരിക്കും വേദിയാവുക.

അക്കാദമിക് അവാർഡുകൾ നേടിയതടക്കമുള്ള ലോക ഭാഷാ ചിത്രങ്ങൾ പ്രദർശനത്തിനുണ്ടാവും. ഷോർട്ട് മൂവി മത്സര വിഭാഗവും ഉണ്ട് എന്നതാണ് ഇപ്രാവശ്യത്തെ പ്രത്യേകത. കഴിഞ്ഞ വർഷം അരങ്ങേറിയ പ്രഥമ ചലച്ചിത്രോത്സവം പങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും ഏറെ ശ്രദ്ധേയമായിരുന്നു. നിരവധി പ്രവർത്തനങ്ങളും ഇടപെടലുകളും കൊണ്ട് പൊതു ജനങ്ങൾക്കിടയിൽ സ്വീകാര്യമായ കാസർകോടിനൊരിടം കൂട്ടായ്മ സംഘടിപ്പിക്കുന്ന ചലച്ചിത്ര മേള ആയത് കൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെ ചലച്ചിത്ര മേളയുടെ ഉത്സവാന്തരീക്ഷം കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ. സിനിമാ സാംസ്കാരിക സാഹിത്യ രംഗത്തെ പ്രമുഖർ മേളയുടെ ഭാഗമാകും എന്നതും ഇത്തവണ മേളയെ കൂടുതൽ ജനകീയമാക്കും. ഷോർട്ട് മൂവി അവാർഡുകൾക്കായി കേരളത്തിനകത്തും പുറത്തുനിന്നുമുള്ള ചിത്രങ്ങൾ ക്ഷണിച്ചു തുടങ്ങി. തെരഞ്ഞെടുക്കുന്ന ചിത്രങ്ങൾക്ക് പ്രൈസ് മണി, പ്രശസ്തി പത്രം, ഉപഹാരം എന്നിവ നൽകും. നോമിനേഷൻ നേടുന്ന ചിത്രങ്ങളുടെ പ്രദർശനവും ഉണ്ടാവും.
