രണ്ടര വര്‍ഷം മുമ്പ് ഗള്‍ഫില്‍ മരണപ്പെട്ട് മോര്‍ച്ചറിയില്‍ സൂക്ഷിച്ചുവരികയായിരുന്ന കാസര്‍കോട് സ്വദേശിയുടെ മൃതദേഹം തിരിച്ചറിഞ്ഞു; തിരിച്ചറിയാന്‍ വൈകാനിടയായത് വ്യാജ പാസ്‌പോര്‍ട്ട്

  • Post category:news
  • Reading time:1 min read
You are currently viewing രണ്ടര വര്‍ഷം മുമ്പ് ഗള്‍ഫില്‍ മരണപ്പെട്ട് മോര്‍ച്ചറിയില്‍ സൂക്ഷിച്ചുവരികയായിരുന്ന കാസര്‍കോട് സ്വദേശിയുടെ മൃതദേഹം തിരിച്ചറിഞ്ഞു; തിരിച്ചറിയാന്‍ വൈകാനിടയായത് വ്യാജ പാസ്‌പോര്‍ട്ട്

ദമ്മാം: രണ്ടര വര്‍ഷമായി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മലയാളിയുടെ മൃതദേഹം തേടി ഒടുവില്‍ ബന്ധുക്കളെത്തി. കാസര്‍കോട് സ്വദേശിയുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു. കാസര്‍കോട് ബദിയടുക്കയിലെ പരേതനായ കന്യപ്പാടി കുഞ്ഞഹ് മദിന്റെ മകന്‍ ഹസൈനാര്‍ ആണ് മരിച്ചതെന്നാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. ബന്ധുക്കളായ മൊയ്തീന്‍ മംഗള്‍വാര്‍, മുഹമ്മദ് ഉളുവാര്‍ എന്നിവരാണ് മൃതദേഹം ആരുടെതെന്ന് തിരിച്ചറിഞ്ഞത്. വ്യാജ പാസ്പോര്‍ട്ടില്‍ ഗള്‍ഫിലെത്തി 2015 ല്‍ മരണപ്പെട്ട കാസര്‍കോട് സ്വദേശിയുടെ മൃതദേഹം ബന്ധുക്കളെ കണ്ടെത്താനാകാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിക്കുകയായിരുന്നു. അല്‍ഖോബാറിലെ സൂപ്പര്‍മാര്‍ക്കറ്റ് നടത്തിപ്പുകാരനായിരുന്ന ഹസൈനാര്‍ 2015 ലാണ് അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ മരണപ്പെട്ടത്. കോഴിക്കോട് പൂവാട്ടുപറമ്പ് സ്വദേശി കോയമൂച്ചി എന്നായിരുന്നു പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നത്. അനിശ്ചിതമായി ആശുപത്രിമോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ബന്ധുക്കള്‍ എത്താത്ത സാഹചര്യത്തില്‍ സംസ്‌കരിക്കാന്‍ പോലീസ് നിര്‍ദേശം നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും വാര്‍ത്ത വ്യാപകമായി പ്രചരിച്ചിരുന്നു. മരിച്ചയുടന്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ സ്പോണ്‍സര്‍ തയ്യാറായെങ്കിലും കോഴിക്കോട്ടും മറ്റും ബന്ധുക്കളെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതോടെ മൃതദേഹം ആശുപത്രിയില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. രണ്ടര വര്‍ഷം കഴിഞ്ഞിട്ടും ബന്ധുക്കളെത്താതായതോടെ ആശുപത്രി അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അവിടെത്തന്നെ സംസ്‌കരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടാണ് ബന്ധുക്കള്‍ എത്തിയത്. ഇദ്ദേഹത്തിന്റെ പിതാവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടിരുന്നു. മാതാവ് രണ്ട് വര്‍ഷം മുമ്പ് മരിച്ചു. ദമ്മാം ഖത്തീഫ് ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. ബന്ധം വ്യക്തമാക്കുന്ന രേഖകള്‍ സമര്‍പ്പിച്ചാല്‍ ഇവര്‍ക്ക് മൃതദേഹം വിട്ടുകൊടുക്കുമെന്ന് എംമ്പസി അധികൃതര്‍ അറിയിച്ചു. രേഖകള്‍ ശരിയാക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍. പാസ്പോര്‍ട്ട് വിലാസ പ്രകാരം കോഴിക്കോട്ടുകാരന്‍ ആയിരുന്നെങ്കിലും കാസര്‍കോടുകാരനായാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. 22 വര്‍ഷം മുമ്പ് സൗദിയില്‍ എത്തിയതാണ് കോയമൂച്ചി എന്ന പേരിലറിയപ്പെട്ട ഹസൈനാര്‍. മരിക്കുന്നതിന് 12 വര്‍ഷം മുമ്പാണ് ഏറ്റവും ഒടുവില്‍ നാട്ടില്‍ പോയി വന്നത്. ദമ്മാം അല്‍ഖോബാറില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തി വരികയായിരുന്നു.

0Shares