
ന്യൂഡല്‍ഹി: യൂണിവേഴ്സിറ്റി വൈഫൈ സെൻസർചെയ്യപ്പെടുന്നതായി പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടതിത്തിന്റെ പേരില്‍ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റിയില്‍ നിന്നും വിദ്യാര്‍ത്ഥി നേതാവിന് കാരണം കാണിക്കാന്‍ നോട്ടീസ്. യൂണിവേഴ്‌സിറ്റിയിലെ മുൻ വൈസ് പ്രസിഡന്റും ഇപ്പോൾ പിഎച്ച് ഡി വിദ്യാർത്ഥിയുമായ ഷെഹ്ല റാഷിദിനാണ് ഈ അനുഭവം ഉണ്ടായത്.

നവംബർ 11 നാണു ആർ. എസ്. എസ് നേതാവു കൂടിയായ വൈസ് ചാൻസിലർ എം. ജഗദീഷ് കുമാർ യൂണിവേഴ്‌സിറ്റിയുടെ വൈഫൈ സെൻസർ ചെയ്തിരിക്കുന്നതായും മമത ബാനർജി, ഷെഹ്ല റാഷിദ്, അരവിന്ദ് കെജ്രിവാൾ, തുടങ്ങിയ പല വാക്കുകളും യൂറ്റൂബ് ചാനലുകളും ബ്ലോക്ക് ചെയ്തിരിക്കുന്നതായും ആരോപിച്ച് ഷെഹ്ല ട്വീറ്റ് ചെയ്തത്. മറ്റു വിദ്യാർത്ഥികളും ഇതേ ആരോപണം ഉന്നയിച്ചിരുന്നു.
ഡിസംബർ 19 നാണു ഷെഹ്ല യൂണിവേഴ്‌സിറ്റി പ്രോക്ടർക്കു മുമ്പാകെ കാരണം ബോധിപ്പിക്കാൻ നേരിട്ട് ഹാജരാകേണ്ടത്. അല്ലാത്തപക്ഷം ഷെഹ്ലയ്ക്കു ഈ വിഷയത്തിൽ ഒന്നും ബോധിപ്പിക്കാൻ ഇല്ലെന്നു കരുതുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും നോട്ടീസിൽ പറയുന്നു. വൈഫൈ സെൻസർ ചെയ്യുന്നെന്ന ആരോപണം യൂണിവേഴ്‌സിറ്റി നിഷേധിച്ചു .
