പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ മധു കൊല്ലപ്പെട്ട സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് സഹോദരിയുടെ വെളിപ്പെടുത്തല്‍. കാടിനുള്ളില്‍ മധു താമസിക്കുന്ന സ്ഥലം നാട്ടുകാര്‍ക്ക് കാണിച്ചുകൊടുത്തത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്ന് സഹോദരി ചന്ദ്രിക പറഞ്ഞു. മധുവിന്റെ മരണത്തില്‍ വനംവകുപ്പ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണം. മധുവിനെ ആക്രമിക്കാന്‍ എല്ലാ സഹായങ്ങളും നല്‍കിയത് വനംവകുപ്പ് ഉദ്യോഗസ്ഥരാണ്. ആദിവാസികള്‍ അല്ലാത്ത ആരെയും കാട്ടിനകത്തേക്ക് വനംവകുപ്പ് പ്രവേശിപ്പിക്കാറില്ല. അല്ലെങ്കില്‍ തിരിച്ചറിയല്‍ രേഖകള്‍ നല്‍കണം. എന്നാല്‍ ഇതൊന്നുമില്ലാതെയാണ് ഇരുപതോളം പേരെ വനംവകുപ്പ് കാട്ടിലേക്ക് പ്രവേശിപ്പിച്ചതെന്നും ചന്ദ്രിക പറഞ്ഞു. ക്രൂരമര്‍ദ്ദനത്തില്‍ തളര്‍ന്ന മധു വെള്ളം ചോദിച്ചപ്പോള്‍ ജനക്കൂട്ടം മൂക്കിലേക്കാണ് വെള്ളമൊഴിച്ച് നല്‍കിയതെന്നും ചന്ദ്രിക പറയുന്നു. കാടിനുള്ളില്‍ നിന്ന് മധുവിനെ മര്‍ദ്ദിച്ച ശേഷം കൊണ്ടുവരുമ്പോള്‍ ആള്‍ക്കൂട്ടത്തിന് അകമ്പടിയായി വനംവകുപ്പിന്റെ ജീപ്പുമുണ്ടായിരുന്നെന്നും ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കെയാണ് ക്രൂരപീഡനം നടന്നതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.
അതേസമയം ആദിവാസി യുവാവായ മധുവിന്റെ മരണത്തില്‍ വനംവകുപ്പിനെതിരായ സഹോദരിയുടെ വെളിപ്പെടുത്തല്‍ അന്വേഷണം വഴിതിരിച്ചുവിടാനാണെന്ന് നിയമമന്ത്രി എ കെ ബാലന്‍ പറഞ്ഞു. വനംവകുപ്പിനെതിരെ ആരോപണത്തില്‍ കഴമ്പില്ലെന്നും ഇതില്‍ വീഴില്ലെന്നും എ കെ ബാലന്‍ ചൂണ്ടികാട്ടി. മധുവിന്റെ കുടുംബം അനാഥമാകില്ലെന്ന് പറഞ്ഞ മന്ത്രി ഇനിയൊരു ആദിവാസി കുടുംബത്തിനും ഇത്തരമൊരു ഗതിക്കേട് ഉണ്ടാകില്ലെന്ന് ഉറപ്പിച്ചുപറഞ്ഞു. നാളെ അട്ടപ്പാടി സന്ദര്‍ശിക്കുമെന്നും മന്ത്രി അറിയിച്ചു. അതിനിടേ മധുവിന്റെ മരണത്തെ തുടര്‍ന്നു പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. മാവോജി അഗളിയിലെത്തി. മധുവിന്റെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് മാവോജി അഗളിലെത്തിയത്. മധുവിന്റെ കുടുംബത്തിന്റെയും, നാട്ടുകാരുടെയും പരാതികള്‍ അന്വേഷിക്കുമെന്നും മാവോജി അറിയിച്ചു. പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍ സംഭവത്തില്‍ കേസെടുത്തുവെന്നും ഐജിയോടും, സര്‍ക്കാരിനോടും വിശദീകരണം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം നേരായ മാര്‍ഗത്തില്‍ കൊണ്ടുപോവുകയാണ് കമ്മീഷന്റെ ലക്ഷ്യമെന്നും മാവോജി കൂട്ടിച്ചേര്‍ത്തു.
