മഞ്ചേശ്വരത്ത് പൊട്ടക്കിണറ്റില്‍ കണ്ടെത്തിയ മൃതദേഹം തളങ്കര സ്വദേശിയുടെത്.

  • Post category:news
  • Reading time:1 min read
You are currently viewing മഞ്ചേശ്വരത്ത് പൊട്ടക്കിണറ്റില്‍ കണ്ടെത്തിയ മൃതദേഹം തളങ്കര സ്വദേശിയുടെത്.

കാസര്‍കോട്: പൈവളിഗെ ബായാര്‍പദവ് സുന്നക്കട്ടയില്‍ പൊട്ടക്കിണറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. തളങ്കര കടവത്തെ മുന്‍ കപ്പല്‍ ജീവനക്കാരനായ കോളിയാട് ആമുഹാജി- ഖദീജ ദമ്പതികളുടെ മകന്‍ മന്‍സൂര്‍ അലി(45)യാണ് കൊല്ലപ്പെട്ടത്. പഴയ സ്വര്‍ണ്ണം വാങ്ങി വില്‍പ്പന നടത്തുന്നയാളാണ് മന്‍സൂര്‍ അലി. കൂടാതെ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സും ഇയാള്‍ക്കുണ്ട്. ബുധനാഴ്ച്ച രാവിലെ 10 മണിയോടെ ഒരു ഫോണ്‍കോള്‍ വന്നതിനെ തുടര്‍ന്ന് സ്‌കൂട്ടറുമായി വീട്ടില്‍ നിന്ന് ഇറങ്ങിയതാണ് മന്‍സൂര്‍ അലി.

സാധാരണ ഇയാള്‍ രാത്രി 8 മണിയോടെ വീട്ടിലെത്താറുള്ളതായി വീട്ടുകാര്‍ അറിയിച്ചു. എന്നാല്‍ ഏറെ വൈകിയും വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മഞ്ചേശ്വരത്ത് ഒരാള്‍ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചത്. തുടര്‍ന്ന് വ്യാഴാഴ്ച്ച പോലീസിന്റെ സാന്നിദ്ധ്യത്തില്‍ ബന്ധുക്കള്‍ മംഗല്‍പാടി ആശുപത്രിയിലെ മോര്‍ച്ചറിയിലുള്ള മൃതദേഹം പരിശോധിക്കുകയും മരിച്ചത് മന്‍സൂര്‍ അലിയാണെന്ന് തിരിച്ചറിയുകയും ചെയ്തു. മുഖത്തും കഴുത്തിനും ശരീരത്തും മാരകമായ പരിക്കുകള്‍ ഏറ്റിട്ടുണ്ട്. ഇയാളുടെ സ്‌കൂട്ടര്‍ കറന്തക്കാട്ട് നിന്നും കണ്ടെത്തി. മൃതദേഹത്തിന്റെ വസ്ത്രത്തില്‍ നിന്ന് 3.10 ലക്ഷം രൂപ കിട്ടിയിട്ടുണ്ട്. പണമിടപാട് സംബന്ധിച്ച പ്രശ്‌നത്തിന്റെ പേരിലായിരിക്കാം കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.

0Shares