മഞ്ചേശ്വരത്തെ സി.പി.എം പ്രവര്‍ത്തകൻ്റെ കൊല; മുഖ്യപ്രതി അശ്വത്തും സുഹൃത്തും കീഴടങ്ങി

  • Post category:news
  • Reading time:1 min read
You are currently viewing മഞ്ചേശ്വരത്തെ സി.പി.എം പ്രവര്‍ത്തകൻ്റെ കൊല; മുഖ്യപ്രതി അശ്വത്തും സുഹൃത്തും കീഴടങ്ങി

കാസര്‍കോട്: മഞ്ചേശ്വരത്തെ സി.പി.എം പ്രവര്‍ത്തകനായ അബ്ദുള്‍ സിദ്ദിഖിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതിയും സുഹൃത്തും പൊലീസില്‍ കീഴടങ്ങി. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ അശ്വത്ത് കുമ്പള, കാര്‍ത്തിക് എന്നിവരാണ് കുമ്പള പോലിസില്‍ കീഴടങ്ങിയത്. ഇരുവരും ഉപ്പള പ്രതാപ് നഗര്‍ സ്വദേശികളായ ഇവര്‍ രാവിലെയാണ് കീഴടങ്ങിയത്. ഇവരെ ജില്ലാ പോലിസ് ചീഫ് ഡോ.എ ശ്രീനിവാസിന്റെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. അശ്വിത്തിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരുന്നത്. അതേസമയം മറ്റുപ്രതികളെ തിരിച്ചറിഞ്ഞെന്നും ഇവരുടെ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിക്കുമെന്നും പോലിസ് ചീഫ് പറഞ്ഞു. അശ്വിത്തിന്റെ കൂട്ടുപ്രതികള്‍ കര്‍ണാടകയിലേക്ക് കടന്നതായുള്ള സൂചനയുമുണ്ട്. സംഘത്തില്‍ നാലുപേരുണ്ടെന്നാണ് സൂചന. കൊലയാളികള്‍ ഉപയോഗിച്ച ബൈക്ക് സംഭവസ്ഥലത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കൊലപാതകം അന്വേഷിക്കാന്‍ കാസര്‍കോട് ഡി.വൈ.എസ്പി എം.വി സുകുമാരന്റെ നേതൃത്വത്തിലുള്ള 20 അംഗ പ്രത്യേകസംഘത്തെ നിയോഗിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് മഞ്ചേശ്വരത്ത് ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ സി.പി.എം ഹര്‍ത്താല്‍ ആചരിക്കുകയാണ്.
അനധികൃത മദ്യവില്‍പ്പനയെ എതിര്‍ത്തതിന്റെ പേരിലാണ് സി.പി.എം പ്രവര്‍ത്തകന്‍ സോങ്കാലിലെ അബൂബക്കര്‍ സിദ്ദിഖിനെ കൊലപെടുത്തിയത്. ഖത്തറില്‍ ജോലി ചെയ്തു വരികയായിരുന്ന സിദ്ദിഖ് അടുത്ത ദിവസമാണ് നാട്ടിലെത്തിയത്. ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

0Shares