മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് ചൂടില്‍; പി.ബി അബ്ദുള്‍ റസാഖിന്‍റെ മകൻ ഷഫീഖിനെ പ്രചാരണത്തിനിടയിൽ കണ്ടുമുട്ടിയപ്പോള്‍ തേങ്ങലടക്കാന്‍ കഴിയാതെ എം.സി കമറുദ്ദീന്‍

  • Post category:news
  • Reading time:2 mins read
You are currently viewing മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് ചൂടില്‍; പി.ബി അബ്ദുള്‍ റസാഖിന്‍റെ മകൻ ഷഫീഖിനെ പ്രചാരണത്തിനിടയിൽ  കണ്ടുമുട്ടിയപ്പോള്‍ തേങ്ങലടക്കാന്‍ കഴിയാതെ എം.സി കമറുദ്ദീന്‍

കാസര്‍കോട്: ജില്ലയിലെ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് ചൂടിലാണ്. ശക്തമായ ത്രികോണമത്സരം നടക്കുന്ന മണ്ഡലത്തില്‍ മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ പ്രചാരണം കൊഴുപ്പിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എം. സി കമറുദ്ദീന് പിന്തുണ പ്രഖ്യാപിച്ച് ഭാഷാന്യൂനപക്ഷങ്ങൾ രംഗത്ത് വന്നത്. ബ്യാരി, ഉർദു സംസാരിക്കുന്ന ഭാഷാ ന്യൂനപക്ഷങ്ങളാണ് എം. സി കമറുദ്ദീന്‍റെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചത്.

മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങള്‍ക്കിടയില്‍ എം. സി കമറുദ്ദീന്‍ വേദിയില്‍ മഞ്ചേശ്വരം മുന്‍ എം.എല്‍.എയായിരുന്ന അന്തരിച്ച പി.ബി അബ്ദുള്‍ റസാഖിന്‍റെ മകൻ ഷഫീഖിനെ കണ്ടുമുട്ടി. വളരെ വികാര നിര്‍ഭരമായ ഒരു രംഗമായിരുന്നു അത്. തേങ്ങലടക്കാന്‍ കഴിയാതെ എം. സി കമറുദ്ദീന്‍ ഷഫീഖിനെ പുണര്‍ന്നു നിന്നു അല്‍പസമയം വേദിയില്‍. പ്രവര്‍ത്തകരും ഇതേ വികാരത്തിലായിരുന്നു.

അബ്ദുള്‍ റസാഖ് തെളിച്ച വഴിയിലൂടെ മുന്നോട്ട് പോകുക എന്നതായിരിക്കും ലീഗ് ഇക്കുറി മണ്ഡലത്തില്‍ ചെയ്യുക. അതിനും ഒരു കാരണമുണ്ട്. ഒരുകാലത്ത് മുസ്‌ലീം ലീഗിന്‍റെയും സി.പി.എമ്മിന്‍റെയും ശക്തികേന്ദ്രമായ മണ്ഡലത്തില്‍ 1987 മുതലാണ് ബി.ജെ.പി ശക്തികേന്ദ്രമായി മാറുന്നത്. പിന്നീട് എല്ലാ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിയായിരുന്നു രണ്ടാംസ്ഥാനത്ത്.

സംഘപരിവാര്‍ സംഘടനകള്‍ ശക്തമായ മഞ്ചേശ്വരത്ത് അടുത്തകാലത്ത് സ്ഥിരമായി ബി.ജെ.പിക്കായി മത്സരിച്ചിരുന്നത് കെ. സുരേന്ദ്രനായിരുന്നു. കഴിഞ്ഞതവണ വെറും 89 വോട്ടിനാണ് സുരേന്ദ്രന്‍ അബ്ദുള്‍ റസാഖിനോട് തോറ്റത്. റസാഖിന്‍റെ ജനകീയതയാണ് അന്ന് സുരേന്ദ്രനെ ജയത്തില്‍ നിന്ന് തടഞ്ഞത്. 2011-ല്‍ ആദ്യമായി മഞ്ചേശ്വരം മണ്ഡലത്തില്‍ പാര്‍ട്ടി അദ്ദേഹത്തെ മത്സരിക്കാനായി നിയോഗിച്ചപ്പോള്‍ കാര്യങ്ങള്‍ ഒട്ടും എളുപ്പമായിരുന്നില്ല.

സി.പി.എമ്മിലേക്ക് നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കുക എന്ന ഭാരിച്ച ദൗത്യമായിരുന്നു കന്നിയങ്കത്തില്‍ റസാഖിനുണ്ടായിരുന്നത്. എന്നാല്‍ ചിരിച്ചുകൊണ്ടു തെരഞ്ഞെടുപ്പിനെ നേരിട്ട അബ്ദുള്‍ റസാഖ് മണ്ഡലം തിരിച്ചുപിടിച്ചു. കുഞ്ഞമ്പുവിനെ ആദ്യ അങ്കത്തില്‍ 5,828 വോട്ടിനാണ് അബ്ദുള്‍ റസാഖ് തോല്‍പിച്ചത്.

കേരളത്തില്‍ ഏറെ വാശിയേറിയ മത്സരം നടക്കുന്ന ജില്ലയിലെ മഞ്ചേശ്വരത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പിലും ശക്തമായ പോരാട്ടം തന്നെയാണ് നടന്നത്. തെരഞ്ഞടുപ്പില്‍ കള്ളവോട്ട് നടന്നു എന്നാരോപിച്ച് എതിര്‍ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ തെരെഞ്ഞടുപ്പ് വിധി ചോദ്യം ചെയ്ത് നിയമ പോരാട്ടം നടത്തിവരികെയാണ് അബ്ദുള്‍ റസാഖ് വിടവാങ്ങിയത്. ഈ ഒഴിവിലാണ് ഇപ്പോള്‍ ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്.

0Shares