
ന്യൂഡൽഹി: അവകാശികളില്ലാതെ ബാങ്ക് അക്കൗണ്ടില്‍ കെട്ടിക്കിടക്കുന്ന പണത്തിൻ്റെ യഥാര്‍ത്ഥ ഉടമസ്ഥരെ കണ്ടെത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രംഗത്ത്. അവകാശികളെ കണ്ടെത്താന്‍ പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിക്കാനാണ് ആര്‍.ബി.ഐ പദ്ധതിയിടുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, രാജ്യത്തെ എല്ലാ ജില്ലകളിലെയും എല്ലാ ബാങ്കുകളുടെയും ക്ലെയിം ചെയ്യപ്പെടാതെ നിക്ഷേപങ്ങള്‍ കണ്ടെത്തി 100 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കാന്‍ പ്രത്യേക ക്യാമ്പയിനാണ് സംഘടിപ്പിക്കുക. 2023 ജൂണ്‍ ഒന്നുമുതല്‍ ബാങ്കുകള്‍ ക്യാമ്പയിന്‍ ആരംഭിക്കും.

ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുടെ തോത് കുറയ്ക്കാനും, നിക്ഷേപങ്ങള്‍ യഥാര്‍ത്ഥ ഉടമകളുടെ കൈകളില്‍ എത്തിക്കാനുമാണ് പ്രത്യേക ക്യാമ്പയിനിന് രൂപം നല്‍കുന്നത്. 10 വര്‍ഷത്തോളം പ്രവര്‍ത്തന രഹിതമായ സേവിങ്‌സ് / കറണ്ട് അക്കൗണ്ടുകളിലെ ബാലന്‍സുകള്‍, നിക്ഷേപ കാലാവധി പൂര്‍ത്തിയായിട്ടും പിന്‍വലിക്കാതെ നിക്ഷേപങ്ങള്‍ തുടങ്ങിയവ അണ്‍ക്ലെയിംഡ് ഡെപ്പോസിറ്റുകള്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതാണ്.
ഇത്തരത്തില്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ 35,012 കോടി രൂപയാണ് അവകാശികളില്ലാതെ കെട്ടിക്കിടന്നത്. ഈ തുക ബാങ്കുകള്‍ ആര്‍.ബി.ഐയിലേക്ക് ഇതിനോടകം തന്നെ ട്രാൻസ്‌ഫർ ചെയ്തിട്ടുണ്ട്.
