ശബരിമല: ബോംബ് ഭീഷണിയെ തുടര്‍ന്ന് സന്നിധാനത്ത് പോലിസ് നടത്തിയ തിരച്ചിലില്‍ ഫലം കണ്ടു. വ്യാജ ബോംബ് ഭീഷണിക്കു പിന്നില്‍ മകനെ കുടുക്കാന്‍ പിതാവ് ഒപ്പിച്ച പണി. സംഭവത്തില്‍ കര്‍ണാടക ഹൊസൂര്‍ സ്വദേശി തിമ്മരാജിനെ (23) പൊലീസ് സന്നിധാനത്തുനിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. ഫോണ്‍ വിളിയുമായി ഇയാള്‍ക്ക് ബന്ധമില്ലെന്നും കുടുംബവഴക്കിനെത്തുടര്‍ന്ന് മകനെ കുടുക്കാന്‍ ഇദ്ദേഹത്തിന്റെ പിതാവ് ബംഗളൂരു സിറ്റിയില്‍ താമസിക്കുന്ന ഉമാശങ്കറാണ് ഫോണ്‍ വിളിച്ചതെന്നും പൊലീസ് പിന്നീട് കണ്ടെത്തി. ഉമാശങ്കറെ ബംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. ചൊവ്വാഴ്ച രാത്രി 8.30നാണ് പമ്പ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ബോംബുഭീഷണി കോള്‍ എത്തിയത്. സന്നിധാനത്ത് ഉടന്‍ ബോംബുപൊട്ടുമെന്നായിരുന്നു ഫോണ്‍ സന്ദേശം. വിളിക്കുന്നയാളിന്റെ നമ്പര്‍ ചോദിച്ചപ്പോള്‍ ഒരു നമ്പര്‍ നല്‍കി. സൈബര്‍ സെല്‍ നടത്തിയ പരിശോധനയില്‍ നമ്പറിന്റെ ഉടമ ഹൊസൂര്‍ സ്വദേശി തിമ്മരാജാണെന്നു മനസിലാക്കിയിരുന്നു. സന്നിധാനം പരിധിയില്‍ നടത്തിയ പരിശോധനയില്‍ ഫോണ്‍ ശബരിമലയില്‍ തന്നെ ഉള്ളതായി പൊലീസ് കണ്ടെത്തി.
ഇതോടെ പൊലീസ് കൂടുതല്‍ ജാഗ്രത നിര്‍ദേശം നല്‍കുകയായിരുന്നു. ഫോണ്‍ നമ്പറിന്റെ അടിസ്ഥാനത്തില്‍ ഫേസ് ബുക്കില്‍നിന്ന് തിമ്മരാജിന്റെ ഫോട്ടോയെടുത്തു. ഇതുപയോഗിച്ച് പൊലീസ് സന്നിധാനത്തും പരിസരത്തും പരക്കെ തിരച്ചില്‍ നടത്തി. മാളികപ്പുറത്തിനു പിന്നിലെ കെട്ടിടത്തില്‍നിന്ന് പുലര്‍ച്ച തിമ്മരാജിനെ പിടികൂടുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ ഫോണ്‍ ചെയ്തിട്ടില്ലെന്ന് ഇയാള്‍ ആണയിട്ട് പറഞ്ഞു. തുടര്‍ന്ന് പമ്പ കണ്‍ട്രോള്‍ റൂമിലെ കോള്‍ രജിസ്റ്റര്‍ പരിശോധിച്ച് ഭീഷണി വന്ന ഫോണ്‍ നമ്പര്‍ കണ്ടെത്തി. തിമ്മരാജിനെ കാണിച്ചപ്പോള്‍ പിതാവ് ഉമാശങ്കറിന്റെ നമ്പറാണെന്ന് വെളിപ്പെടുത്തി. പിതാവ് വേറെ വിവാഹം കഴിച്ച് ബംഗളൂരുവിലാണെന്നും മക്കളുമായി തര്‍ക്കത്തിലാണെന്നും തിമ്മരാജ് പറഞ്ഞു. തിമ്മരാജിനെ കുടുക്കാന്‍ ഉമാശങ്കര്‍ നടത്തിയ നീക്കമാണ് വ്യാജ ബോംബ് ഭീഷണിയെന്നാണ് പൊലീസ് കരുതുന്നത്.
ബോംബ് ഭീഷണിയെ തുടര്‍ന്ന് സന്നിധാനത്ത് പോലിസ് പരക്കം പാഞ്ഞു; ഒടുവില്‍ കേരള പോലിസ് സത്യം കണ്ടെത്തി; മകനെ കുടുക്കാന്‍ കര്‍ണാടക സ്വദേശിയായ പിതാവ് നടത്തിയത് നാടകമോ?