ബി.ജെ.പിയുടെ വിശ്വാസം വീണ്ടെടുക്കാന്‍ ബി.ഡ‍ി..ജെ.എസ് ശ്രമം; ഉപതെരഞ്ഞെടുപ്പുകളിൽ സജീവമായി രംഗത്തിറങ്ങാൻ പ്രവർത്തകർക്ക് തുഷാറിന്‍റെ നിര്‍ദ്ദേശം

  • Post category:news
  • Reading time:1 min read
You are currently viewing ബി.ജെ.പിയുടെ വിശ്വാസം വീണ്ടെടുക്കാന്‍ ബി.ഡ‍ി..ജെ.എസ് ശ്രമം;  ഉപതെരഞ്ഞെടുപ്പുകളിൽ സജീവമായി രംഗത്തിറങ്ങാൻ പ്രവർത്തകർക്ക് തുഷാറിന്‍റെ നിര്‍ദ്ദേശം

സമ്മർദ തന്ത്രത്തിന് വഴങ്ങേണ്ടെന്ന് ബി.ജെ.പി തീരുമാനിച്ചതോടെ ബി.ഡി.ജെ.എസ് പിന്നാക്കം പോകുന്നു. ബി.ജെ.പിയുടെ വിശ്വാസം വീണ്ടെടുക്കാനാനുള്ള ബി.ഡ‍ി.ജെ.എസിന്‍റെ ശ്രമത്തിന്‍റെ ഭാഗമായി ഉപതിരഞ്ഞെടുപ്പുകളിൽ സജീവമായി രംഗത്തിറങ്ങാൻ പ്രവർത്തകർക്കു തുഷാർ നിര്‍ദ്ദേശം നൽകി. വട്ടിയൂർക്കാവിലും കോന്നിയ‍ിലും തുഷാർ 5 ദിവസം വീതം ക്യാംപ് ചെയ്തു പ്രചാരണം നടത്തും. അരൂരിലും പ്രചാരണത്തിന് മുന്നിലുണ്ടാകും.

അരൂരിൽ സ്ഥാനാർത്ഥിയെ നിർത്താതെ അവസാനഘട്ടത്തിൽ മത്സരത്തിൽ നിന്ന് പിന്മാറിയെങ്കിലും എൻ.ഡി.എ വിട്ടുപോകില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്‌ഷായും ഉൾപ്പെടെയുള്ളവർക്ക് ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി രേഖാമൂലം ഉറപ്പു നൽകിയതായാണ് സൂചന. ബി.ഡി.ജെ.എസിന്‍റെ ആവശ്യങ്ങൾ ധരിപ്പിക്കാൻ ഡൽഹിയിലെത്തിയ അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുമായി ചർച്ച നടത്തിയത് ബി.ജെ.പി സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ് ആണ്.

ഉപതിരഞ്ഞെടുപ്പിന് മുൻപ് ബി.ഡി.ജെ.എസിനു സ്ഥാനമാനങ്ങൾ നൽകാനാകില്ലെന്നും പ്രത്യേകിച്ച് ഒരുറപ്പും ഇപ്പോൾ നൽകാനാകില്ലെന്നുമാണു സന്തോഷ് അറിയിച്ചത്.ബി.ജെ.പി നിലപാട് കർക്കശമാക്കിയതോടെ നിലപാടിൽ അയവു വരുത്താൻ ബി.ഡി.ജെ.എസ് നിർബന്ധിതരാവുകായിരുന്നു.

പാലാ ഉപതിരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് വേണ്ടവിധം സഹകരിക്കാതിരുന്നതും കേന്ദ്ര നേതൃത്വത്തിന്‍റെ അതൃപ്തിക്കിടയാക്കിയിട്ടുണ്ട്. മുൻപ്, ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലും അവസാന നിമിഷമാണ് ബി.ഡി.ജെ.എസ് പിന്തുണ നൽകിയത്. തുടർച്ചയായി സമ്മർദമുണ്ടാക്കി എൻ.ഡി.എയിൽ ഭിന്നതയുണ്ടെന്നു വരുത്തിത്തീർക്കാൻ ബി.ഡി.ജെ.എസ് ശ്രമിക്കുന്നുവെന്ന വിലയിരുത്തലിലാണു ബി.ജെ.പി നേതൃത്വം.

ആവശ്യപ്പെട്ട സ്ഥാനങ്ങൾ നൽകാത്തതിൽ പ്രതിഷേധിച്ച് അരൂരിൽ മത്സരത്തിൽ നിന്നു വിട്ടുനിൽക്കാനുള്ള ബി.ഡി.ജെ.എസ‍ിന്‍റെ തീരുമാനം ബി.ജെ.പിക്കു ദോഷമായെന്നു സംസ്ഥാന നേതൃത്വം കേന്ദ്രനേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. ബി.ഡി.ജെ.എസ് എൻ.ഡി.എ വിട്ടേക്കുമെന്ന സൂചനയും കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തുഷാര്‍ കേന്ദ്ര നേതൃത്വത്തിന് ഉറപ്പു നല്‍കിയത്.

0Shares