
പീതാംബരന്‍ കുറ്റിക്കോല്‍
(ചാനൽ ആർ.ബി സ്പെഷ്യൽ റിപ്പോർട്ട്)
കാസര്‍കോട്: രണ്ടുവര്‍ഷം മുമ്പ് പഞ്ചായത്ത് ആസ്തി ഫണ്ട് ഉപയോഗിച്ച് ടാറിങ് നടത്തിയ റോഡിൻ്റെ ബാക്കി ഭാഗം പ്രളയക്കെടുതിയില്‍ ഉള്‍പ്പെടുത്തി ഫ്‌ളഡ് റിലീഫ് ഫണ്ട് വകയിരുത്തിയതായി പരാതി. ഫ്‌ളഡ് റിലീഫ് ഫണ്ട് അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയതോടെ സംഭവം വിവാദമായി.
(ജില്ലാ കളക്ടർക്ക് ലഭിച്ച പരാതി)
കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലെ പള്ളത്തിങ്കാല്‍- കാലിക്കടവ് റോഡിനാണ് പത്ത് ലക്ഷം രൂപ ഫ്‌ളഡ് റിലീഫ് ഫണ്ട് അനധികൃതമായി വകമാറ്റി ചെലവഴിക്കാന്‍ റവന്യു അധികൃതര്‍ ഉത്തരവിറക്കിയത്. കാലവര്‍ഷക്കെടുതിയില്‍ ജില്ലയിലെ തകര്‍ന്ന വിവിധ റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് ദുരന്ത നിവാരണ വകുപ്പ് ഇരുപത്തഞ്ചുലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയാണ് ഉത്തരവിറക്കിയത്.
(സർക്കാർ ഉത്തരവിൻ്റെ പകർപ്പ്)
എന്നാല്‍, കുറ്റിക്കോലില്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഫണ്ട് വകമാറ്റി ചെലവഴിക്കാന്‍ ശ്രമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പരാതി നല്‍കുകയായിരുന്നു. കാലവർഷത്തിൽ തകർന്ന അർഹതപ്പെട്ട റോഡുകളുണ്ടായിട്ടും അധികൃതർ പരിഗണിക്കാതെ മറ്റൊരു റോഡിന് വകമാറ്റിയതിനാലാണ് പരാതി ഉയർന്നത്. ജില്ലാ കലക്ടർ, കാറഡുക്ക ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസർ, പ്രസിഡന്റ്, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. ഫ്ളഡ് റിലീഫ് ഫണ്ട് അനധികൃതമായി ഉപയോഗിക്കുന്നതിനെതിരെ ജില്ലയിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്.