അടൂര്‍: പ്രമുഖ വിരലടയാള വിദഗ്ധനും കാസര്‍കോട് ഫിംഗര്‍ പ്രിന്റ് ബ്യൂറോ മേധാവിയുമായിരുന്ന ഡോ.അടൂര്‍ സുരേന്ദ്രന്‍ (59) അന്തരിച്ചു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെ അടൂരിലെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. സുരേന്ദ്രനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എഴുത്തുകാരനും സോഷ്യല്‍മീഡിയ ആക്ടിവിസ്റ്റും കൂടിയായ ഇദ്ദേഹം മരിക്കുന്നതിന് മണിക്കൂര്‍ മുമ്പുവരെ സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായി ഉണ്ടായിരുന്നു. മുത്തലാഖ് സംബന്ധിച്ച സുപ്രിംകോടതി വിധിയിലടക്കം ഫേസ്ബുക്കില്‍ തന്റെ അഭിപ്രായങ്ങള്‍ അദ്ദേഹം രേഖപ്പെടുത്തിയിരുന്നു. മണിക്കൂറുകള്‍ക്കകമാണ് അന്ത്യമുണ്ടായത്. മലയാള സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ അടൂര്‍ സുരേന്ദ്രന്‍ വിരലടയാള പരിശോധനയിലൂടെ ഏറെ ശ്രദ്ധേയനും കുറ്റവാളികളുടെ പേടി സ്വപ്നവുമായിരുന്നു. കാസര്‍കോട്ട് നടന്ന ക്ഷേത്ര കവര്‍ച്ചകളിലടക്കം പ്രമാദമായ ഒട്ടേറെ കേസുകള്‍ക്ക് തുമ്പുണ്ടാക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് വലുതാണ്.
കുറ്റവാളികള്‍ അവശേഷിപ്പിച്ചുപോവുന്ന ചെറിയൊരു തെളിവുപോലും തന്റെ അന്വേഷണ മികവിലൂടെ കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. കുമാരനാശാന്റെ പ്രശസ്തമായ വീണ പൂവ് അദ്ദേഹത്തിന്റേതല്ലന്നു സമര്‍ഥിക്കുന്ന ലേഖനം ഏറെ വിവാദമായിരുന്നു. അയ്യപ്പന്‍പിള്ളയുടെ പന്ത്രണ്ടാം ശ്ലോകത്തില്‍ പ്രസൂന ചരമത്തെ മംഗല്യ ദീപത്തിന്‍ അണയല്‍ ആയി കല്പിച്ചപ്പോള്‍, ആശാന്‍ പൂവിന്റെ മരണത്തെ നവദീപം എണ്ണവറ്റി പുകഞ്ഞുവാടി അണഞ്ഞു എന്നാക്കി. അയ്യപ്പന്‍ പിള്ളയുടെശ്ലോകത്തിലെ ‘ഹ,ഹ’ പോലും അതേ സ്ഥാനത്തു ആശാന്‍ പകര്‍ത്തി. അയ്യപ്പന്‍ പിള്ള ഉപയോഗിച്ച ‘വസന്തതിലകം’ എന്ന വൃത്തം തന്നെ ആശാനും ഉപയോഗിച്ചു. ചുരുക്കത്തില്‍ വീണപൂവിന്റെ മൂലം അയ്യപ്പന്‍പിളളയുടെ പ്രസൂനചരമം തന്നെ എന്നു ഡോ.അടൂര്‍ സുരേന്ദ്രന്‍ തന്റെ പ്രബന്ധത്തിലൂടെ സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നു. 2004 മുതല്‍ 2012 വരെ കാസര്‍കോട് ജില്ലാ ഫിംഗര്‍ പ്രിന്റ് ബ്യൂറോയില്‍ മേധാവിയായിരുന്നു. കാസര്‍കോട് വച്ചാണ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്. അടൂര്‍ ആനന്ദപള്ളിയിലായിരുന്നു താമസം. ആനന്ദപള്ളി റസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറിയായിരുന്നു. ഭാര്യ: ഗീത പ്രഭ ജെ. മക്കള്‍: അഭിരാം ജി. സുരേന്ദ്രന്‍ (വിപ്രോ ചെന്നൈ), അഭിഷേക് ജി. സുരേന്ദ്രന്‍ (വിദ്യാര്‍ത്ഥി ഗവ. പോളിടെക്നിക് വെച്ചൂച്ചിറ). സംസ്‌കാരം വ്യാഴാഴ്ച 12.30 നു വീട്ടുവളപ്പില്‍.