
ദുരിതാശ്വാസ ക്യാമ്പിലേക്ക് സഹായമെത്തിക്കുമ്പോഴും ക്യാമ്പ് സന്ദര്‍ശിക്കുമ്പോഴും എല്ലാവരും ചിട്ട പാലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തില്‍ ചിലര്‍ പ്രചാരണം നടത്തുന്നു. ഇത് നാടിനോടു ചെയ്യുന്ന ഹീനമായ കുറ്റകൃത്യമെന്നും മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ,
‘കവളപ്പാറയില്‍ മണ്ണിനടിയില്‍പെട്ടവരെ രക്ഷപെടുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസേനയും അഗ്നിശമനസേനയുമെല്ലാം രംഗത്തുണ്ട്. അവിടെ ഇന്നലെ നിര്‍ഭാഗ്യകരമായ ഒരു അവസ്ഥയുണ്ടായി. അവിടെ തുടര്‍ന്നും ഉരുള്‍പൊട്ടി. അഞ്ച് മണ്ണുമാന്തി യന്ത്രങ്ങള്‍ അവിടെ എത്തിക്കാന്‍ കഴിഞ്ഞു. മലപ്പുറം ജില്ലയില്‍മാത്രം കേന്ദ്ര ദുരന്ത നിവാരണ സേനയുടെ മൂന്ന് ടീമുകളും എഞ്ചിനീയറിങ് വിഭാഗത്തിന്റെ ഒരു ടീമും മദ്രാസ് റജിമെന്റിന്റെ ഒരു ടീമും കോസ്റ്റ് ഗാര്‍ഡിന്റെ ടീമും രംഗത്തുണ്ട്.

മലപ്പുറം വയനാട് ജില്ലകളിലെ രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേയുടെ ഒരു ടീമുമുണ്ട്. മലപ്പുറത്ത് മഴയ്ക്കും പുഴകളിലെ വെള്ളത്തിനും കുറവുണ്ട്. 12 അടി കനത്തിലാണ് മണ്ണ്. മഴ പെയ്തതോടെ ഇത് ചെളിയായി മാറിയിരിക്കുകായണ്. രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നത് ഇതാണ്. മണ്ണിനടിയില്‍പെട്ടവരെ പുറത്തെടുക്കുന്നതിന് ഇത് തടസമായി മാറുകയാണ്. മേപ്പാടിയിലും രക്ഷാപ്രവര്‍ത്തനം നല്ലരീതിയില്‍ തുടരുകയാണ്. പുത്തമല ഭാഗത്താണ് വയനാട്ടിലെ ഏറ്റവും ദാരുണമായ ഉരുള്‍പൊട്ടലും നാശനഷ്ടവും. എട്ടുപേരെയാണ് ഇവിടെ കണ്ടെത്താനുള്ളത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ഉരുള്‍പൊട്ടിയ ഈ പ്രദേശത്തിന്റെ മറുവശത്ത് 2000 ത്തിനും 3000 ത്തിനും ഇടയില്‍ ആളുകള്‍ താമസമുണ്ടായിരുന്നു. ഇവിടെ 70 ശതമാനം ആളുകളെ അതിസാഹസികമായി മാറ്റിപ്പാര്‍പ്പിച്ചു. റാണിമലയില്‍ ഒറ്റപ്പെട്ട 60 പേരെ വനത്തിലൂടെ പത്തുകിലോമീറ്ററോളം സഞ്ചരിച്ച് മറുകരയ്ക്കെത്തിച്ചു. അവശേഷിക്കുന്നവര്‍ക്ക് താല്‍ക്കാലിക ക്യാമ്പും ആരംഭിച്ചു. ബാണാസുര സാഗര്‍ തുറന്നപ്പോള്‍ ശ്രദ്ധേയമായി ഇടപെടാന്‍ സാധിച്ചു. വയനാട്ടില്‍ ഇന്നത്തെ കാലാവസ്ഥ ആശ്വാസകരമാണ്.
