
കാസർകോട്: ഇരട്ടക്കൊലപാതക കേസ് അട്ടിമറിക്കുന്നതായുള്ള ആരോപണം ശരിവെക്കുന്ന രീതിയിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം. പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഡി.വൈ.എസ്.പി ടി.പി. രഞ്ജിത്തിനെ സ്ഥലമാറ്റിയതിന് പിന്നാലെ എസ്.പി വി.എം മുഹമ്മദ് റഫീഖിനെയും സ്ഥലം മാറ്റി. കേസുമായി ബന്ധപ്പെട്ട് സി.പി.എം നേതാക്കളിലേക്ക് അന്വേഷണ സംഘം എത്തുന്നതിനാൽ ഉദ്യോഗസ്ഥരെ മാറ്റുന്നതായാണ് വിവരം.

ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മേല്‍നോട്ടം നല്കിയ ഉദ്യോഗസ്ഥനാണ് എസ്.പി വി.എം മുഹമ്മദ് റഫീഖ്. എറണാകുളത്തേക്കാണ് എസ്.പിയെ മാറ്റിയിരിക്കുന്നത്. അന്വേഷണം തുടങ്ങി അഞ്ചാം ദിവസമാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്. കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യു വിനാണ് പുതിയ അന്വേഷണ ചുമതല.

കേസിൽ മുഖ്യ പ്രതി പീതാംബരനെയടക്കം പിടികൂടിയ അന്വേഷണ സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥൻ കാസര്‍കോട് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ടി.പി. രഞ്ജിത്തിനെ സ്ഥലമാറ്റിയതിൽ നാട്ടുകാർക്കിടയിൽ വലിയ വിമർശനം ഉയരുന്നതിനിടെയാണ് മറ്റൊരു ഉദ്യോഗസ്ഥനെകൂടി സ്ഥലം മാറ്റിയിരിക്കുന്നത്.
