പി.ബി അബ്ദുള്‍ റസാഖിന് ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭയുടെ ആദ്യദിവസത്തെ സമ്മേളനം പിരിഞ്ഞു

  • Post category:news
  • Reading time:1 min read
You are currently viewing പി.ബി അബ്ദുള്‍ റസാഖിന് ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭയുടെ ആദ്യദിവസത്തെ സമ്മേളനം പിരിഞ്ഞു

തിരുവനന്തപുരം: അന്തരിച്ച മഞ്ചേശ്വരം എം.എല്‍.എ പി.ബി. അബ്ദുള്‍ റസാഖിന് ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭയുടെ ആദ്യദിവസത്തെ സമ്മേളനം പിരിഞ്ഞു. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കായി നിലകൊണ്ട അബ്ദുള്‍ റസാഖ് പതിനാലാം കേരള നിയമസഭയില്‍ കന്നഡ ഭാഷയിലാണ് സത്യപ്രതിജ്ഞ ചെയ്തെന്ന് ചരമോപചാരം അര്‍പ്പിച്ച് സംസാരിച്ച സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അനുസ്മരിച്ചു. ജനപ്രതിനിധി എന്നതിനപ്പുറം വിഭ്യാഭ്യാസരംഗത്തെ റസാഖിന്റെ സംഭാവനകളും വിലമതിക്കാനാവാത്തതാണ്. കാസര്‍കോട് ജില്ലയുടെ വികസനപ്രശ്‌നങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കാന്‍ അബ്ദുള്‍ റസാഖ് കാട്ടിയ താല്പര്യം ശ്ലാഘനീയമാണ്. റസാഖിന്റെ വിയോഗത്തിലൂടെ സാധാരണക്കാര്‍ക്കൊപ്പം നിന്ന മികച്ച പൊതുപ്രവര്‍ത്തകനേയും കഴിവുറ്റ സാമാജികനേയുമാണ് നഷ്ടപ്പെട്ടതെന്നും സ്പീക്കര്‍ പറഞ്ഞു. ഏത് ഘട്ടത്തിലും ഏത് സാധാരണക്കാരനും സമീപിക്കാവുന്ന വ്യക്തിയായിരുന്നു അബ്ദുല്‍ റസാഖ് എന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍ പറഞ്ഞു. ഉത്തര കേരളത്തിന്റെ വികസനവും സാധാരണക്കാരുടെ ക്ഷേമ ഐശ്വര്യങ്ങളും നെഞ്ചോട് ചേര്‍ത്ത വ്യക്തിയായിരുന്നു. ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നതില്‍ ആഹ്ലാദം കണ്ടെത്തിയ നേതാവായിരുന്നു അബ്ദുള്‍ റസാഖ് എന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍.സി.സിയില്‍ ചികിത്സതേടിയെത്തുന്ന മലബാറില്‍ നിന്നുള്ളവര്‍ക്ക്, പ്രത്യേകിച്ച് കാസര്‍കോട് നിന്നുള്ളവര്‍ക്ക്, വലിയ ആശ്രയമായിരുന്നു റസാഖ് എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വര്‍ഗ്ഗീയശക്തികളെ കാസര്‍കോടും മഞ്ചേശ്വരത്തും തടഞ്ഞുനിറുത്താന്‍ കോട്ട പോലെ ഉറച്ചുനിന്ന വ്യക്തിയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. വര്‍ഗ്ഗീയതയ്ക്കെതിരായ വിജയമായതുകൊണ്ട് അബ്ദുല്‍റസാഖിന്റെ വിജയം വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നുവെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. തങ്ങളുടെ പ്രസ്ഥാനത്തിന് നികത്താനാവാത്ത നഷ്ടമാണ് റസാഖിന്റെ വിയോഗമെന്ന് ഡോ: എം.കെ. മുനീര്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്നതിലുപരി തന്റെ സമ്പാദ്യം പോലും പാവങ്ങള്‍ക്ക് ദാനം ചെയ്യുന്ന വ്യക്തിയായിരുന്നു. 87 വോട്ടിന് ജയിച്ചുവെന്നറിഞ്ഞപ്പാള്‍ അദ്ദേഹം പൊട്ടിക്കരഞ്ഞു. അത് കേരളത്തിന്റെ മണ്ണില്‍ വര്‍ഗ്ഗീയതയെ പരാജയപ്പെടുത്തിയതിന്റെ സന്തോഷത്തിലുണ്ടായ കണ്ണീരായിരുന്നെന്നും മുനീര്‍ പറഞ്ഞു. മതേതരത്വത്തിന്റെ മുഖമായിരുന്ന അബ്ദുല്‍ റസാഖ് എന്ന് കെ.എം. മാണിയും ചൂണ്ടിക്കാട്ടി. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും സംഘര്‍ഷമുണ്ടാക്കാതെ പ്രവര്‍ത്തിക്കാനായെന്ന് ഒ.രാജഗോപാല്‍ അഭിപ്രായപ്പെട്ടു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കക്ഷിനേതാക്കളായ സി.കെ. നാണു, അനൂപ് ജേക്കബ്, കെ.ബി. ഗണേശ് കുമാര്‍, എന്‍. വിജയന്‍പിള്ള, പി.സി. ജോര്‍ജ്ജ് എന്നിവരും സംസാരിച്ചു. അബ്ദുല്‍റസാഖിനോടുള്ള ആദരസൂചകമായി ഒരുനിമിഷം എഴുന്നേറ്റ് നിന്ന് മൗനം പാലിച്ചശേഷം സഭ പിരിഞ്ഞു.

0Shares