
തിരുവനന്തപുരം: പാർട്ടിയാണ് പ്രധാനമെന്ന് സി.പി.ഐ സംസ്ഥാന സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനത്തിൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ പറഞ്ഞു. ‘‘പാർട്ടിയാണ് ആയുധം. പാർട്ടിയാണ് അമ്മ. പാർട്ടിയെ സ്നേഹിക്കണം, വളർത്തണം. കമ്യൂണിസ്റ്റ് പാർട്ടികളുടെ പുനരേകീകരണം തത്വാധിഷ്ഠിതമായി നടക്കണം. സംസ്ഥാനങ്ങളിലെ ഇടത് ഐക്യം തൃപ്തികരമല്ല. ബി.ജെ.പി 2024ൽ തോൽപ്പിക്കാൻ പ്രാദേശിക പാർട്ടികൾ ഉൾപ്പെടെ ജനാധിപത്യ മതേതര പാർട്ടികളും ഒരുമിക്കണം’’– ഡി.രാജ പറഞ്ഞു.

ചെങ്കൊടി ബി.ജെ.പിയെയും മോദിയെയും വല്ലാതെ ഭയപ്പെടുത്തുന്നതായി ഡി.രാജ പറഞ്ഞു. കമ്മ്യുണിസ്‌റ്റുകൾ മുഖ്യശത്രുക്കൾ എന്ന മോദിയുടെ പ്രഖ്യാപനം ഇതിൽ നിന്നാണെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസ്, പ്രതിപക്ഷ മുക്ത ഭാരതം പറഞ്ഞു നടന്നിരുന്നവർ ഇപ്പോൾ കമ്മ്യുണിസ്‌റ്റുകാരാണ് മുഖ്യശത്രുക്കളെന്ന് തുറന്നു പറഞ്ഞു. കമ്മ്യുണിസം അപകടകരമായ ആശയമാണെന്നാണ് മോദി പറയുന്നത്. അത് വന്യമായ കാട്ടുതീയാണെന്നും ആളിപടരുകയാണെന്നും പരിതപിക്കുന്നു. ഈ അപകടത്തെ കുറിച്ച് മനസിലാക്കി ഇരിക്കണമെന്നും ഉപദേശിക്കുന്നു. ആർ.എസ്.എസിനും ബി.ജെ.പിക്കും വെല്ലുവിളി കമ്മ്യുണിസ്റ്റുകാരാണെന്ന തിരിച്ചറിവിൽ നിന്നാണ് ഭയാശങ്ക. മോദിമാർക്ക് കമ്മ്യുണിസം അപകടകരമായ ആശയമാകും. കാരണം അത് ലോകമാകെ പണിയെടുക്കുന്നവൻ്റെ ആശയമാണ്.
കോൺഗ്രസ് ഇന്നത്തെ നിലയിൽ തുടർന്നിട്ട് കാര്യമില്ലെന്നും രാജ പറഞ്ഞു. നയങ്ങൾ മാറ്റണം. അവർ മുന്നോട്ടുവച്ചതും തുടക്കമിട്ടതുമായ നവ ഉദാരവത്‌കരണ നയങ്ങളാണ് ബി.ജെ.പി അതിതീവ്രമായി നടപ്പാക്കുന്നത്. ഈ നയം ഇതേ നിലയിൽ തുടരണമോ എന്നതിൽ കോൺഗ്രസിൻ്റെ നിലപാട് അറിയാൻ രാജ്യത്തിന് താൽപര്യമുണ്ട്.

കുറഞ്ഞത് നെഹ്‌റുവിൻ്റെ സാമ്പത്തിക നയങ്ങളെ കുറിച്ചെങ്കിലും സംസാരിക്കാൻ കോൺഗ്രസ് തയ്യാറാകണം. പൊതുമേഖലയ്‌ക്ക് മുഖ്യപങ്കുള്ള സാമ്പത്തിക നയമാണ് നാടിന് ആവശ്യമെന്ന് വ്യക്തമാക്കണം. നിലവിലെ സാഹചര്യങ്ങൾ മനസിലാക്കിയുള്ള നയമാറ്റമാണ് കോൺഗ്രസിൽ നിന്ന് രാജ്യം പ്രതീക്ഷിക്കുന്നത്.
വീരപുരുഷ പരിവേഷം ചാർത്തി മോദി എന്ന ഏകാധിപതിയെ സൃഷ്ടിക്കാനാണ് ആർ.എസ്.എസ്- ബി.ജെ.പി ശ്രമം. ഈ അപകടം ഒഴിവാക്കാൻ ഇവരെ അധികാരത്തിൽ നിന്ന് തുരുത്താനാകണം. മതനിരപേക്ഷ– ജനാധിപത്യ കക്ഷികളുടെ ഒരുമയിലൂടെ മാത്രമേ ഇവർക്കെതിരായ രാഷ്‌ട്രീയ പോരാട്ടത്തിന് സാധ്യമാകൂ. ഇതിൽ പ്രാദേശിക കക്ഷികളുടെ സഹകരണവും ഉറപ്പാക്കാനാകണം. രാജ്യസ്വാതന്ത്ര്യം തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങളിൽ ഇടതുപക്ഷം ചരിത്രദൗത്യം നിറവേറ്റുമെന്നും ഡി.രാജ പറഞ്ഞു.
