
കോട്ടയം : യുവതി വീടിനു സമീപം സ്വയം തീ കൊളുത്തി മരിച്ചു. തിരുവല്ല കുറ്റൂർ തലയാർ അമ്മയത്ത് പള്ളത്ത് വീട്ടിൽ രഞ്ജിത്തിന്റെ ഭാര്യ രേഷ്മ (23) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണു സംഭവം. സംഭവത്തിൽ ഭർത്താവ് രഞ്ജിത് (35) ഭർതൃമാതാവ് രാജമ്മ (60) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാപ്രേരണ, ഭർതൃപീഡനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രണ്ട് വർഷം മുമ്പാണ് രേഷ്മയും രഞ്ജിത്തും വിവാഹിതരായത്. ഇവർക്ക് ഒരു വയസുള്ള മകനുണ്ട്. എന്നാൽ ഇവരുടെ ജീവിതം അത്ര സുഖകരമായിരുന്നില്ല അതുകൊണ്ട് തന്നെ മാനസികമായി തളർന്ന രേഷ്മ സ്വയം ജീവനൊടുക്കാൻ കാരണമായി. 
ഇന്നലെ പുലർച്ചെ വീടിൻ്റെ സമീപത്തെ വാഴത്തോട്ടത്തിൽ രേഷ്മയെ കത്തുന്ന നിലയിൽ കാണുകയായിരുന്നു. വീട്ടുകാരും സമീപവാസികളും എത്തിയപ്പോഴേക്കും രേഷ്മ മരിച്ചിരുന്നു. പിന്നീട് പോലീസെത്തി ഇൻക്വസ്റ്റ് തയാറാക്കിയ ശേഷമാണ് മൃതദേഹം നീക്കം ചെയ്തത്. അതിനിടെ സംഭവം അറിഞ്ഞെത്തിയ രേഷ്മയുടെ ബന്ധുക്കൾ ബഹളം വയ്ക്കുകയും രഞ്ജിത്തിനെയും വീട്ടുകാരെയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. പോലീസ് ഇടപെട്ടാണ് ഇവരെ മാറ്റിയത്. രേഷ്മയും ഭർത്താവും ഭർതൃമാതാവും തമ്മിൽ വഴക്ക് പതിവായിരുന്നെന്നും രേഷ്മയുടെ പിതാവ് പൊലീസിൽ മൊഴി നൽകി. യുവതിയുടെ പിതാവിന്റെയും ബന്ധുക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഭർത്താവിനെയും ഭർതൃമാതാവിനെയും അറസ്റ്റ് ചെയ്തത്. ഭർതൃവീട്ടുകാരുടെ മാനസികപീഡനത്തെ തുടർന്ന് യുവതി മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.