
ബേത്തൂർപാറ/ കാസർകോട്: സന്ധ്യയായാൽ ബേത്തൂർപാറയിലെയും സമീപ പ്രദേശങ്ങളിലെയും ക്ലബ്ബുകൾ വായനശാലകൾ, മറ്റ് പൊതു സ്ഥാപനങ്ങൾ എന്നിവ വിദ്യാർത്ഥികളെ കൊണ്ട് നിറയും. വായനാകേന്ദ്രങ്ങൾ സജീവമാവുകയാണ്. വൈകുന്നേരം 6.30 ഓടെ വായന ആരംഭിക്കും. പത്ത് മണി വരെ ഇത് തുടരും. ഇടവേളകളിൽ ചായയും ലഘുഭക്ഷണവുമായി സംഘാടകരും. ഇരുപതിടങ്ങളിൽ വായനാ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു.
കേന്ദ്രങ്ങൾക്ക് പുറത്ത് രക്ഷിതാക്കളുടെയും സംഘാടകരുടെയും കാവൽ. ഒറ്റപ്പെട്ട മുറികളിലെ വിരസമായ പഠനത്തിൽ നിന്നും സഹപാഠികളോടൊപ്പം സംശയങ്ങൾ തീർത്ത് കൊണ്ടുള്ള സമൂഹ പഠനം. അവധി ദിവസങ്ങളിൽ മോട്ടിവേഷൻ ക്ലാസുകളും, പൊതു വിജ്ഞാന ക്ലാസുകളും. വായന ആഘോഷമായി കൊണ്ടാടുകയാണ് ഈ നാട്. വിദ്യാർത്ഥികളോടൊപ്പം ഒരു നാടു മുഴുവൻ ഒത്തുചേരുന്നു ‘ഒപ്പം’ എന്ന വിദ്യാഭ്യാസ പദ്ധതിയിലൂടെ. പൊതുവിദ്യാഭ്യാസ യജ്ഞത്തിന് ബേത്തൂർപാറയുടെ കൈത്താങ്ങ്.
സമഗ്രവും ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനുവേണ്ടി വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നതിന്‍റെ ഭാഗമായാണ് ‘ഒപ്പം’ എന്ന വിദ്യാഭ്യാസ പദ്ധതി ബേത്തൂർപാറ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടപ്പിലാക്കുന്നത്.

ഉന്നത നിലവാരമുള്ള പഠനാന്തരീക്ഷം ഉറപ്പുവരുത്താനും ക്രിയാത്മകവും പുരോഗമനപരവുമായ അക്കാദമിക മാറ്റം വിദ്യാർത്ഥികളിൽ രൂപപ്പെടുത്താനുമായി അധ്യാപകരും രക്ഷിതാക്കളും പ്രാദേശിക സമൂഹവും ഒരുമിക്കുന്ന വേദിയാണ് ‘ഒപ്പം’. വിദ്യാർഥികളുടെ പഠന കാര്യങ്ങളിലും സ്വഭാവ രൂപീകരണത്തിലും സമൂഹത്തിന്‍റെ ശ്രദ്ധ പതിപ്പിക്കുക എന്നതാണ് ലക്ഷ്യം. പലതരം കാരണങ്ങൾ കൊണ്ട് വിദ്യാർത്ഥികളിൽ പലരും പഠന വിമുഖരായി പെരുമാറുന്നതിന്‍റെ ഫലമായി പൊതു പരീക്ഷകളിൽ മികച്ച വിജയം കൈവരിക്കാനോ പ്രതീക്ഷക്കൊത്ത് ഭാവി രൂപപ്പെടുത്തിയെടുക്കാനോ കഴിയാതെ വരികയും ചിന്താപരവും സർഗാത്മകമായ രംഗങ്ങളിൽ പിന്തള്ളപ്പെട്ടു പോവുകയും ചെയ്യുന്നു.
ഈ സാഹചര്യത്തിലാണ് പ്രാദേശികമായി വിദ്യാർത്ഥികളെ മനസ്സിലാക്കുന്നതിനും ഇടപെടുന്നതിനും സമൂഹത്തിന്‍റെ പ്രാധാന്യം തിരിച്ചറിയുന്നത്. പൊതുസമൂഹവും വിദ്യാഭ്യാസ പ്രക്രിയയിൽ പങ്കാളികളാകുന്നതോടെ ആ പ്രദേശത്തെ മുഴുവൻ വിദ്യാർത്ഥികളുടേയും വിദ്യാഭ്യാസ പുരോഗതിയിൽ കാതലായ മാറ്റമുണ്ടാകുമെന്ന ചിന്തയിലാണ് ബേത്തൂർപാറ സ്കൂൾ അക്കാദമിക മികവിനായാണ് ഈ കർമ്മപദ്ധതി നടപ്പിലാക്കുന്നത്.

സ്കൂളിലെ എട്ടാം ക്ലാസ്സു മുതൽ പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള മുഴുവൻ കുട്ടികളെയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വിവിധ പ്രദേശങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ പട്ടിക തയ്യാറാക്കുകയും രക്ഷിതാക്കളുടെ പ്രതിനിധികൾ, എസ്.എം.സി, പ്രാദേശിക ക്ലബ്ബ്, ഗ്രന്ഥശാലാ പ്രവർത്തകർ, സന്നദ്ധ സേവനപ്രവർത്തകർ തുടങ്ങിയവരെ വിളിച്ചുചേർത്ത് പദ്ധതി അവലോകനം ചെയ്ത് പൂർണ രൂപം നൽകി. വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്ന പ്രദേശത്തെ എല്ലാ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുക്കുന്നതിലൂടെ ബേത്തൂർപ്പാറ സ്കൂൾ മുന്നോട്ടുവെച്ച ‘ഒപ്പം’ നാടിന്‍റെ വിദ്യാഭ്യാസ പ്രവർത്തനമായി മാറുകയാണ്. ഹയർ സെക്കൻഡറി സ്കൂൾ സീനിയർ അസി.കെ.തമ്പാൻ നായരാണ് ‘ഒപ്പം’ പദ്ധതിയുടെ കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുന്നത്.
