
കാസര്‍കോട്: നീലേശ്വരം ശ്രീ വടയന്തുർ കഴകം പെരുങ്കളിയാട്ടം നാലാം ദിവസമായ ഇന്ന് നീലേശ്വരം താലൂക്ക് ആശുപത്രിയും കാസര്‍കോട് ജില്ലാ ടി.ബി യൂണിറ്റും ചേർന്ന് സംഘടിപ്പിച്ച ” തൂവാല വിപ്ലവം ” എന്ന വായു ജന്യ രോഗ പ്രതിരോധ ബോധവത്കരണ പരിപാടി ശ്രദ്ധേയമായി. പ്രശസ്ത കവി ഗണ പൂജാരിക്ക് തൂവാല നൽകിക്കൊണ്ട് നീലേശ്വരം നഗരസഭാ ചെയർമാൻ പ്രൊഫ: കെ. പി ജയരാജൻ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

നീലേശ്വരം താലൂക്ക് ആശുപത്രി ഡോ. സൂപ്രണ്ട് ജമാൽ അഹമ്മദ് , ജില്ലാ ടി. ബി ഓഫീസർ ഡോ. ആമിന എന്നിവർ കൊറോണ ഉൾപ്പെടെയുള്ള വായുജന്യ രോഗങ്ങൾ പ്രതിരോധിക്കുന്നതിൽ തൂവാലയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു കൗൺസിലർമാരായ എറുവാട്ട് മോഹനൻ , മനോഹരൻ, എച്ച്.ഐ ശശിധരൻ എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു. നീലേശ്വരം താലൂക്ക് ആശുപത്രി പൊതുജനാരോഗ്യ വിഭാഗം തയ്യാറാക്കിയ കൊറോണ ബോധവത്കരണ വീഡിയോ പ്രദർശനവും ഇതോടനുബന്ധിച്ച് നടന്നു.
