
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച ബജറ്റ് കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. കേരളം ചരിത്രത്തില്‍ ഇതുവരെ നേരിട്ടിട്ടില്ലാത്ത തിരിച്ചടിയാണ് ഈ വര്‍ഷം ഉണ്ടായത്. അറിഞ്ഞുകൊണ്ട് കേരളത്തെ ശ്വാസംമുട്ടിക്കാനുള്ള നീക്കമാണ് ബജറ്റിലൂടെ കേന്ദ്രം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ വര്‍ഷം കേരളത്തിനുള്ള വിഹിതം 17,872 കോടിയായിരുന്നു. ഈ വര്‍ഷം 20,000 കോടി വരെ പ്രതീക്ഷിച്ചിരുന്നെങ്കിലും 15,236 കോടിയായി കുറച്ചു. 2.5 ശതമാനത്തില്‍ നിന്ന് 1.9 ശതമാനമായി കേരളത്തിന്‍റെ വിഹിതം കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ബജറ്റിന്‍റെ സമ്പൂര്‍ണ്ണ തകര്‍ച്ചയില്‍ നിന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഒരു പാഠവും പഠിച്ചിട്ടില്ലെന്ന് ധനമന്ത്രി വിമര്‍ശിച്ചു.
