കാസര്‍കോട്: വ്യാപാരിയും കുടുംബവും ഉറങ്ങിക്കിടക്കുമ്പോള്‍ സ്വിഫ്റ്റ് കാറിലെത്തിയ സംഘം മദ്യകുപ്പിയെറിഞ്ഞ സംഭവത്തിൻ്റെ സി.സി.ടി.വി ദൃശ്യം പോലീസിന് ലഭിച്ചു. വാടകക്കെടുത്ത സ്വിഫ്റ്റ് കാറിൻ്റെ ഡോര്‍ തുറന്നിറങ്ങിയ ഒരാള്‍ മദ്യക്കുപ്പി ഇരുനില വീടിനുനേരെ വലിച്ചെറിയുന്ന ദൃശ്യമാണ് ലഭിച്ചത്. കുറ്റിക്കോല്‍ ടൗണിലെ മലഞ്ചരക്ക് വ്യാപാരിയും പുളുവിഞ്ചിയില്‍ താമസക്കാരനുമായ റെജിയുടെ വീടിനുനേരെയാണ് ഇക്കഴിഞ്ഞ നവംബര്‍ 14 ന് രാത്രി 10.49 ന് അക്രമം ഉണ്ടായത്.
ബന്തടുക്ക ഭാഗത്തുനിന്നും അമിതവേഗതിയിലെത്തിയ കാര്‍ റെജിയുടെ വീടിന് മുന്നില്‍ നിര്‍ത്തി മദ്യകുപ്പിയെറിയുന്ന ദൃശ്യം തൊട്ടടുത്തുള്ള ഒരു കടയുടെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. റെജി അടുത്തിടെ വാങ്ങിയ ടൊയോട്ട യാരിസ് ആഡംബര കാറിനരികില്‍ മദ്യകുപ്പി പൊട്ടിച്ചിതറുകയായിരുന്നു. മുഖ്യസൂത്രധാരന്‍ അടുത്തിടെ നാട്ടിലെത്തിയ ഗള്‍ഫുകാരനാണെന്നും ഇയാള്‍ വെള്ളിയാഴ്ച്ച വൈകുന്നേരം വിദേശത്തേക്ക് കടന്നതായും വിവരം ലഭിച്ചു.
https://www.youtube.com/watch?v=g4bEtdXdkLA&fbclid=IwAR1jW1Ayw2A-DsslyAKkhAyNn6nyWLRyukydu56eq0sCSJjTMpIeinXffyc
ഈ സംഭവത്തിന് രണ്ടു ദിവസം മുമ്പ് കുറ്റിക്കോല്‍ ശ്രീ തമ്പുരാട്ടി ഭഗവതി ക്ഷേത്രം സ്ഥാനികന്‍ രാജഗോപാലന്‍ നാലിട്ടുകാരൻ്റെ വീടിന് നേരെയും കല്ലേറുണ്ടായിരുന്നു. വീടിൻ്റെ ജനല്‍ ഗ്ലാസ്സുകള്‍ തകര്‍ന്നിരുന്നു. ഈ രണ്ടു സംഭവത്തിലും ആരെയും പിടികൂടാന്‍ പോലീസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. റെജിയുടെ വീടിന് നേരെ കുപ്പിയേറുണ്ടായ സമയത്ത് ഈ പരിസരത്ത് സംശയ സാഹചര്യത്തില്‍ കണ്ട നാല് മൊബൈല്‍ സിഗ്‌നലുകള്‍ സൈബര്‍ സെല്‍ പോലീസ് പരിശോധിച്ചുവരികയാണ്.
കുറ്റിക്കോലിലെ മറ്റ് കടകളിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ച് അന്വേഷണം ഊര്‍ജിതമാക്കിയതായി ബേഡകം എസ്.ഐ ടി ദാമോദരന്‍ ചാനല്‍ ആര്‍.ബിയോട് പറഞ്ഞു. തുടര്‍ച്ചയായ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നാട്ടുകാര്‍ ജാഗ്രതയിലാണ്. വ്യാപാരിയുടെ വീടിന് നേരെയുണ്ടായ അക്രമത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിക്കോല്‍ യുണിറ്റ് കമ്മിറ്റിയും ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫും അപലപിച്ചു. പ്രതികളെ ഉടന്‍ പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.