
ന്യൂഡല്‍ഹി: അരവിന്ദ് കെജരിവാളിൻ്റെ പി.എ ബിഭവ് കുമാര്‍ ആക്രമിച്ചുവെന്ന് ആരോപിച്ച പാര്‍ട്ടി എം.പി സ്വാതി മലിവാളിനെതിരെ എ.എ.പി. മുഖ്യമന്ത്രിക്ക് എതിരെയായ ഗൂഢാലോചനയുടെ ഭാഗമായി സ്വാതി മാലിവാള്‍ ബി.ജെ.പിയുടെ ബ്ലാക്ക് മെയിലിങ്ങിന് ഇരയാകുകയാണെന്ന് ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി അതിഷി മര്‍ലേന പറഞ്ഞു. അനുമതി ലഭിക്കാതെയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ പോയതെന്നും അതിഷി കൂട്ടിച്ചേര്‍ത്തു.
”എന്തിനാണ് അവര്‍ അകത്ത് കയറിയത്? എന്തിനാണ് മുഖ്യമന്ത്രിയുടെ വസതിയില്‍ അപ്പോയിണ്ട്മെണ്ട് ഇല്ലാതെ കയറിയത്? അരവിന്ദ് കെജരിവാള്‍ അന്ന് തിരക്കിൽ ആയിരുന്നതിനാല്‍ അവരെ കണ്ടില്ല. കണ്ടെങ്കില്‍ അദ്ദേഹത്തിന് എതിരെയും ആരോപണങ്ങള്‍ ഉന്നയിക്കുമായിരുന്നു”, -അതിഷി പറഞ്ഞു.
ബി.ജെ.പിക്ക് ഒരു രീതിയുണ്ട്. ആദ്യം കേസെടുക്കുകയും പിന്നീട് അവരെ ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യും. സ്വാതി മാലിവാളിനെതിരെ അനധികൃത റിക്രൂട്ട്‌മെണ്ട് കേസ് നിലവിലുണ്ട്.

കേസില്‍ കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌ത് അറസ്റ്റ് ചെയ്യാവുന്ന ഘട്ടത്തിലാണ്. ഇതാണ് ബി.ജെ.പി ഉപയോഗിക്കുന്നതെന്നും അതിഷി പറഞ്ഞു.
മെയ് 13ന് രാവിലെയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് എത്തിയത്. ഈ സമയത്ത് പി.എ ആയ ബിഭവ് കുമാര്‍ തന്നെ ആക്രമിക്കുകയും നെഞ്ചിലും വയറ്റിലും അടിക്കുകയും ചവിട്ടുകയും ചെയ്‌തുവെന്നാണ് സ്വാതി മലിവാളിൻ്റെ പരാതി.
ആരോപണത്തെ പാര്‍ട്ടി അടിസ്ഥാന രഹിതമെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു. കേസില്‍ ബിഭവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തു. ഡല്‍ഹി പൊലീസ് നിക്ഷ്‌പക്ഷമാണെങ്കില്‍ ബിഭവിൻ്റെ പരാതിയിലും കേസെടുക്കണമെന്ന് അതിഷി പറഞ്ഞു. സ്വാതി മലിവാളിൻ്റെ ഫോണ്‍ കോളുകള്‍ പരിശോധിക്കണം. പലതും ബി.ജെ.പി നേതാക്കളുമായി ബന്ധപ്പെട്ടതാണെന്നും അതിഷി ആരോപിച്ചു.
