കൊച്ചി: പ്രമുഖ നടിയെ തട്ടികൊണ്ട് പോയി ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്ത കേസിൽ പൊലീസിന് നിർണായക തെളിവ് ലഭിച്ചു എന്നാണ് വിവരം. മലയാള സിനിമാ ലോകത്തെ ചിലരുമായി കേസിന് അടുത്ത ബന്ധമുണ്ടെന്നും, അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന. കേസിലെ പ്രതി പൾസർ സുനി പകർത്തിയ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇത്തരത്തിൽ കാര്യങ്ങളെത്തിച്ചത്. കാറിനുള്ളിൽ വെച്ച് നടി ലൈംഗികമായി അക്രമിക്കപ്പെടുന്ന വീഡിയോ മലയാള സിനിമയിലെ ഒരു പ്രമുഖൻ ആവശ്യപ്പെട്ടിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നടിയെ പീഡിപ്പിക്കുന്ന വീഡിയോ കോയമ്പത്തൂരിൽ നിന്ന് സംശയിക്കുന്ന വ്യക്തിയിലേക്ക് അതിന്റെ കോപ്പി എത്തിയിട്ടുണ്ട്, ഇതെങ്ങനെ ലഭിച്ചു എന്നതും പൊലീസിന് വ്യക്തമായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട മുഴുവൻ പേരുടേയും മൊഴി പൊലീസ് എടുത്തു കഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ആലുവയിലേയും കാക്കനാട്ടേയും സബ് ജയിലിലുകളിൽ വെച്ചു പൾസർ സുനി ജയിൽ വെൽഫെയർ ഓഫീസർമാരോടും ജയിൽ അധികാരികളോടും പറഞ്ഞ മൊഴികളാണ് കേസിന് നിർണ്ണായകമായത്. നേരത്തെ അന്വേഷണവുമായി പൾസർ സുനി സഹകരിച്ചിരുന്നില്ലെകിലും പിന്നീട് സഹകരിക്കുകയാണുണ്ടായത്. നടിയെ ആക്രമിച്ചത്തിനു പിന്നിൽ ക്വട്ടേഷനാണെന്ന സംശയം ബലപ്പെടുത്തുന്ന തെളിവുകൾ കിട്ടിയതോടെ ഇത് ആര് നൽകി എന്നുള്ളത് പുറംലോകം അറിയേണ്ടതുണ്ട്. ഇതിന് പിന്നിൽ പ്രവർത്തിച്ചത് മലയാളത്തിലെ പ്രമുഖ നടനാണെന്ന് വാർത്തയും ഉണ്ടായിരുന്നു. എന്നാൽ കേസിനെ ബലപ്പെടുത്തുന്ന തെളിവുകൾക്കായി അന്വഷണസംഘം കാത്തിരിക്കുകയായിരുന്നു. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് നടി മഞ്ജുവാരിയർ ഉൾപ്പടെയുള്ളവർ ആവർത്തിച്ചിരുന്നു. ഇത് കൂടാതെ സിനിമയിലെ വനിതകൾ സംഘടനയുണ്ടാക്കി മുഖ്യമന്ത്രിയെ കണ്ടപ്പോഴും നടിക്ക് നീതി കിട്ടാത്തത് ചർച്ചയായിരുന്നു. ഗൂഢാലോചനക്കാരെ പിടിച്ചേ മതിയാകൂവെന്ന് മഞ്ജു വാര്യരുടെ നേതൃത്വത്തിൽ നടിമാരുടെ സംഘടന മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. ഇതും കേസിന് വേഗം കൂടാൻ കാരണമായി. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ തിരക്കി അതിവേഗം നിഷ്പക്ഷമായി മുന്നോട്ട് പോകാനായിരുന്നു മുഖ്യമന്ത്രിയുടെ നിർദ്ദേശം. പൊലീസ് മേധാവിയായി ചുമതലയിലുള്ള ടി.പി സെൻകുമാറും കാര്യങ്ങൾ വിലയിരുത്തി കേസ് വേഗത്തിലാക്കാൻ നിർദേശിക്കുകയായിരുന്നു. എന്നാൽ വിവാദങ്ങളിൽ പെടാൻ താൽപ്പര്യമില്ലാത്തതിനാൽ കരുതലോടെയാണ് പോലീസിന്റെ നീക്കങ്ങൾ.