കോഴിക്കോട്: പലവിധത്തിലുള്ള വിവാഹ ക്ഷണക്കത്തുകള്‍ നമ്മള്‍ കാണാറുണ്ട്. അതൊന്നും അത്ര വൈറലാകാറില്ല. എന്നാല്‍ ഒരു സാധാരണ കല്ല്യാണക്കുറി ഒരു പേര് കൊണ്ട് വൈറലാകുന്നത് ഇതാദ്യമാണ്. കല്ല്യാണക്കുറിയില്‍ വധുവിൻ്റെ പേര് കണ്ടവര്‍ ഒരു നിമിഷം ഞെട്ടും. പിന്നെ കണ്ണുതിരുമ്മി ഒരിക്കല്‍ കൂടി വായിക്കും. ദ്യാനൂര്‍ഹ്നാഗിതി! എന്ന്… സത്യത്തില്‍ പ്രിന്റിങ് പിശകാണെന്നേ ആദ്യം തോന്നിപ്പോകൂ. കോഴിക്കോട് പാലാഴി പാലയിലെ തുമ്പേരി താഴത്ത് വേലായുധൻ്റെയും ബാലമണിയുടെയും മകന്‍ വിബീഷാണ് ഭാര്യ ദ്യാനൂര്‍ഹ്നാഗിതിയുടെ പേരിൻ്റെ പേരില്‍ പുലിവാലു പിടിച്ചത്. വിവാഹത്തിൻ്റെ മെയ് 21 ന് നടത്തുന്ന റിസപ്ഷനുള്ള ക്ഷണക്കത്താണ് വൈറലായിരിക്കുന്നത്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ വിബീഷിൻ്റെയും ദ്യാനൂര്‍ഹ് നാഗിതിയുടെയും വിവാഹം മാര്‍ച്ച് 31 നാണ് കഴിഞ്ഞത്. വധുവിൻ്റെ പേരു ശരിയായി വായിച്ചാല്‍ കല്യാണത്തില്‍ പങ്കെടുക്കാം എന്ന തലക്കെട്ടോടെയാണ് ഈ ക്ഷണക്കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
കുടുംബ വാട്ട്സ്ആപ്പ് ഗ്രൂപ്പിലിട്ട ക്ഷണക്കത്ത് വധുവിൻ്റെ പേരിൻ്റെ പ്രത്യേകതയാല്‍ ഞൊടിയിടയില്‍ വൈറലാവുകയായിരുന്നു. ക്ഷണക്കത്തിലെ വിബീഷിൻ്റെയും പിതാവ് വേലായുധൻ്റെയും ഫോണുകള്‍ക്കു പിന്നീട് വിശ്രമമില്ലാതായി. എല്ലാവര്‍ക്കും അറിയേണ്ടത് വധുവിൻ്റെ പേരിൻ്റെ പ്രത്യേകയെക്കുറിച്ചും അതിൻ്റെ അര്‍ഥമെന്താണെന്നുമായിരുന്നു. വില്യം ഷേക്സ്പിയറിൻ്റെ വാക്കുകള്‍ കടമെടുത്താണ്, ദ്യാനൂര്‍ഹ്നാഗിതി മറുപടി പറയുന്നത്. പേരിനെക്കുറിച്ച് ചോദിക്കുന്നവരോടും എനിക്ക് അത്ര തന്നെ പറയാനുള്ളൂ. ഇത് എൻ്റെ അച്ഛന്‍ എനിക്കിട്ട പേരാണ്. കവിതകളെയും കഥകളെയും സ്നേഹിക്കുന്ന എഴുത്തുകാരന്‍ കൂടിയായ അച്ഛന്‍ ഹരിദാസ് ഇങ്ങനെയൊരു പേരിട്ടതില്‍ എനിക്ക് അത്ഭുതവുമില്ല. വ്യത്യസ്തമായ പേര് ഇടണമെന്ന അച്ഛൻ്റെ ചിന്ത തന്നെയാണ് എന്റെ പേരിനു പിന്നില്‍.