തന്മയത്വമുള്ള നൃത്തം, നടനവൈഭവം; പാർവതി കൃഷ്ണ കലോത്സവത്തിൽ താരമായി

  • Post category:news
  • Reading time:1 min read
You are currently viewing തന്മയത്വമുള്ള നൃത്തം, നടനവൈഭവം; പാർവതി കൃഷ്ണ കലോത്സവത്തിൽ താരമായി

പീതാംബരൻ കുറ്റിക്കോൽ

കാഞ്ഞങ്ങാട്: നൃത്തയിനങ്ങളിൽ മത്സരിച്ചതിനെല്ലാം തിളങ്ങുന്ന വിജയം നേടിയ നടനവൈഭവം പാർവതി കൃഷ്ണ കേരള സ്കൂൾ കലോത്സവത്തിൽ താരമായി. ഭരതനാട്യം, കുച്ചുപ്പുടി, നാടോടിനൃത്തം (സിംഗിൾ) എന്നിവയിൽ ‘എ ഗ്രേഡ്’ നേടി ശ്രദ്ധേയയായ പാർവതി കൃഷ്ണയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച സംഘനൃത്തത്തിനും എ ഗ്രേഡ്. തന്മയത്വമുള്ള നൃത്തം അവതരിപ്പിച്ചാണ് സംസ്ഥാനതല മത്സരങ്ങളിൽ ജനപ്രീതി പാർവതി നേടിയത്.

ജീവൻ ടി.വി ഏർപ്പെടുത്തിവരുന്ന പതിനായിരം രൂപയും ഫലകവും അടങ്ങിയ കലാതിലകം അവാർഡിനും അർഹയായി. മൂന്നാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ കഴിഞ്ഞ എട്ട് വർഷമായി സബ്‌ജില്ല– ജില്ലാ സ്കൂൾ മേളകളിൽ ഈ കുരുന്നു കലാകാരി ഒന്നാം സ്ഥാനക്കാരിയാണ്. രണ്ടുവർഷമായി സംസ്ഥാന തലത്തിൽ മൂന്ന് വ്യക്തിഗതയിനങ്ങളിലും മിന്നുന്ന വിജയം കൊയ്യുന്നുണ്ട്.

നൃത്ത രംഗത്ത് ഏറെ പ്രതീക്ഷയുള്ള ഈ കലാകാരി കയ്യൂർ ജി.വി.എച്ച്.എസ് സ്കൂളിൽ പത്താതരം വിദ്യാർത്ഥിനിയാണ്. ദേശീയ നൃത്ത വേദികളിലും ഭരതനാട്യം അവതരിപ്പിച്ചിട്ടുണ്ട്. നീലേശ്വരം രാജു, ബാബു പിലിക്കോട് എന്നിവരാണ് നൃത്തം അഭ്യസിപ്പിക്കുന്നത്. സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന കുടുംബം വളരെ കഷ്ടപ്പെട്ടാണ് പാർവതിയെ പഠിപ്പിക്കുന്നത്. സുമനസുകളുടെ സഹായം ലഭ്യമായാൽ ഈ കലാകാരിക്ക് ഇനിയും ഉയരങ്ങളിൽ എത്താൻ സഹായകമാകും.

സ്വകാര്യ ബസ്സ് കണ്ടക്ടർ ജീവനക്കാരായ കയ്യൂർ, മുഴക്കോം സ്വദേശി ഉണ്ണികൃഷ്ണൻ– ബിന്ദു ദമ്പതികളാണ് പാർവതിയുടെ മാതാപിതാക്കൾ. ബാംഗ്ളൂരിൽ ഫോറൻസിക് സയൻസ് വിദ്യാർത്ഥിയായ അതുൽ കൃഷ്ണ സഹോദരനാണ്.

0Shares