ദോഹ: ഭീകരവാദത്തെ പ്രോത്സഹിപ്പിക്കുന്നെന്നും മറ്റ് രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നെന്നും ആരോപിച്ച് സൗദി ഉൾപ്പടെ ബഹ്‌റൈനും യു.എ.ഇയും ഈജിപ്തും ഖത്തറുമായുള്ള ബന്ധം ഒഴിവാക്കിയത്തോടെ ജി.സി.സി രാഷ്ട്രങ്ങൾക്കിടയിലെ ബന്ധത്തെയാണ് തകർത്തത്. അമേരിക്കൻ പ്രസിഡണ്ട് ട്രംപ് സൗദി സന്ദർശിച്ചതിനു പിന്നാലെ ഉടലെടുത്ത ഈ തീരുമാനം മുസ്ലിം രാഷ്ട്രങ്ങൾക്കിടയിൽ വലിയ ചർച്ചാ വിഷയമായി. അമേരിക്കൻ പ്രസിഡന്റിന് മുസ്ലിങ്ങളോടുള്ള അമർഷം സൗദി വഴി മുസ്ലിം രാഷ്ട്രങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുന്നതിലേക്ക് എത്തിച്ചിരിക്കുന്നു എന്നാണ് ഖത്തറിലെ പ്രവാസികളും പറയുന്നത്. ഖത്തർ പൗരന്മാർക്ക് രാജ്യം വിടാൻ 14 ദിവസം അനുവദിച്ച സൗദിയും യു.എ.ഇയും ബഹ്‌റൈനും നയതന്ത്ര ഉദ്യോഗസ്ഥർ 48 മണിക്കൂറിനകം പുറത്തുപോകണമെന്നു നിർദ്ദേശിച്ചു. സ്വന്തം പൗരന്മാർ ഖത്തറിലേക്കു യാത്ര ചെയ്യുന്നത് ഈ രാജ്യങ്ങൾ വിലക്കിയിട്ടുമുണ്ട്. അതേസമയം, ഖത്തറിൽനിന്നുള്ള ഹജ്, ഉംറ തീർത്ഥാടകർക്കു പ്രവേശനം അനുവദിക്കുമെന്നു സൗദി വ്യക്തമാക്കി. യെമനിൽ ഹൂതി വിമതരെ നേരിടുന്ന സൗദി നേതൃത്വത്തിലുള്ള ദശരാഷ്ട്ര സഖ്യത്തിൽനിന്നു ഖത്തർ സേനയെ ഒഴിവാക്കുകയും ചെയ്തു.

കടലിലേക്ക് തള്ളി നിൽക്കുന്ന ഒരു കുഞ്ഞൻ രാജ്യമായ ഖത്തർ വലിപ്പത്തിൽ ചെറുതെങ്കിലും ലോകത്തെ ഏറ്റവും സമ്പന്നരാജ്യങ്ങളൊന്നിലാണ്. ആളോഹരി വരുമാനത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യംകൂടിയാണ് ഖത്തർ. ലോകപ്രശസ്തമായ ഖത്തർ എയർവെയ്‌സും, അൽ ജസീറ ചാനലും ഖത്തറിന്റേതാണ്.ഖത്തറിനെ ഒറ്റപെടുത്തുന്നതിന്ടെ ഭാഗമായി യു.എ.ഇ വിമാനക്കമ്പനികളായ ഇത്തിഹാദ്, എമിറേറ്റ്‌സ്, ഫ്‌ലൈ ദുബായ്, എയർ അറേബ്യ, സൗദിയുടെ സൗദിയ തുടങ്ങിയവയെല്ലാം ഖത്തർ സർവീസുകൾ നിർത്തിവച്ചു. ഇതോടെ ഈ രാജ്യങ്ങളിലുള്ള ഖത്തർ പൗരന്മാർക്കു മറ്റേതെങ്കിലും രാജ്യം വഴി മടങ്ങേണ്ടിവരും. ഖത്തറിന് വിലക്കേർപ്പെടുത്തിയതോടെ ലോകമെമ്പാടും സർവീസ് വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്ന ഖത്തർ എയർവെയ്‌സിന് ഇനി വിലക്കേർപ്പെടുത്തിയ രാജ്യങ്ങൾക്ക് മുകളിലൂടേ പറക്കാനാവില്ല. ഇതോടെ ഖത്തർ എയവെയ്‌സിന് പുതിയ റൂട്ട് കണ്ടെത്തേണ്ടി വരും. ഇത് ഇന്ധന ചെലവും യാത്രാസമയവും കൂട്ടും. ഇത് മൂലം ഖത്തർ എയർവെയ്‌സ് പ്രതിസന്ധിയിലാവും. ദോഹ വഴി അറേബ്യയുടെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിച്ചിരുന്നവർ ഇനി ദുബായിയോ റിയാദിനേയോ ആശ്രയിക്കേണ്ടി വരും. ദുബായ്-റിയാദ് എന്നീ എയർപോർട്ടുകൾ വഴി ഇന്ത്യയിലേക്ക് സഞ്ചരിക്കാൻ ഖത്തറിലെ പ്രവാസി ഇന്ത്യക്കാർക്കും സാധിക്കില്ല.

ഖത്തറിലെ 27 ലക്ഷംവരുന്ന ജനസംഖ്യയിൽ ആറേമുക്കാൽ ലക്ഷത്തോളമാണ് ഇന്ത്യക്കാർ. ഇതിൽ മൂന്നുലക്ഷത്തോളം മലയാളികളാണ്. ഈ സാഹചര്യത്തിൽ ഇന്ത്യൻ പ്രവാസികളുടെ ആശങ്കയും ചെറുതല്ല. ഇന്ത്യക്കാർ ആശങ്കപ്പെടേണ്ടതില്ലെന്ന് ഖത്തറിലെ ഇന്ത്യൻ സ്ഥാനപതികാര്യാലയം അറിയിച്ചിട്ടുണ്ടെങ്കിലും. പ്രവാസികൾ ആശങ്കയോടെയാണ് ഇപ്പോൾ കഴിയുന്നത്. ഖത്തറിലുള്ള പ്രവാസികൾക്ക് നാട്ടിൽ പോകാനും മറ്റും നിയന്ത്രണം പ്രശ്നമല്ലന്നും തീരുമാനം സ്വദേശികളുടെയും പ്രവാസികളുടെയും സാധാരണജീവിതത്തെ ബാധിക്കില്ലെന്ന് ഖത്തർ സർക്കാരും ഉറപ്പുനൽകിയിട്ടുണ്ട്.എന്നാൽ തൊഴിൽ മേഖലയിലും വ്യവസായ മേഖലയിലുമുള്ളവർക്ക് വലിയ സാമ്പത്തിക നഷ്ട്ടമുണ്ടാക്കും എന്ന് പറയുന്നവരുമുണ്ട്. പുതിയ നിയന്ത്രണങ്ങൾ ഖത്തറിന്റെ വാണിജ്യ വ്യാവസായിക മേഖലകളെ തളർത്തും. തിങ്കളാഴ്ച ഓഹരിവ്യാപാരത്തിൽ വൻ ഇടിവുണ്ടായി. അടുത്തകാലത്ത് ഏറെ വിദേശനിക്ഷേപം സ്വീകരിച്ച രാജ്യമാണ് ഖത്തർ. 2022-ലെ ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യത്ത് വൻതോതിൽ നിർമ്മാണപ്രവർത്തനം നടക്കുന്നുണ്ട്. ഈ മേഖലയിലും ഏറെ മലയാളികൾ പ്രവർത്തിക്കുന്നുണ്ട്. വിലക്കേർപ്പെടുത്തിയ നടപടിയിലൂടെ ലക്ഷകണക്കിന് പ്രവാസികളാണ് ദുരിതത്തിലായത്.