Categories
business news

നടക്കുന്നത് വമ്പൻ ബിസിനസ് ഡീൽ; ജിയോ പ്ലാറ്റ് ഫോമില്‍ 43,574 കോടി രൂപയുടെ നിക്ഷേപവുമായി ഫേസ്ബുക്ക്

ഈ നിക്ഷേപം ഇന്ത്യയോടുള്ള തങ്ങളുടെ പ്രതിപത്തിയും ജിയോയുടെ അതിനാടകീയമായ വളര്‍ച്ച തങ്ങളിലുണ്ടാക്കിയ ആവേശവും കാണിക്കുന്നതെന്നാണ് ഫെയ്‌സ്ബുക്ക് പ്രതികരിച്ചത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസും ജിയോ പ്ലാറ്റ്‌ഫോം ലിമിറ്റഡും ഫേസ്ബുക്കുമായി കൈകോര്‍ക്കുന്നു. ഇതിനായി ഫേസ്ബുക്ക് 43,574 കോടി രൂപ നിക്ഷേപിക്കും. ഫേസ്ബുക്കിന്റെ നിക്ഷേപം ജിയോ പ്ലാറ്റ്‌ഫോം ലിമിറ്റഡിന്‍റെ 9.99ശതമാനം ഓഹരിക്ക് തുല്യമാണ്.

ബ്രോഡ് ബാന്റ് കണക്ടിവിറ്റി, സ്മാര്‍ട്ട് ഡിവൈസസ്, ക്ലൗഡ് സേവനങ്ങള്‍, ഡാറ്റ അനലിറ്റിക്സ്, നിര്‍മിത ബുദ്ധി, ബ്ലോക്ക് ചെയിന്‍, ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്ന പ്ലാറ്റ് ഫോമുകളിലാണ് ഫേസ്ബുക്കിന്‍റെ നിക്ഷേപം.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്ന സഹോദര സ്ഥാപനമാണ് ജിയോ പ്ലാറ്റ്‌ഫോംസ്. ജിയോ ഇന്‍ഫോകോമും പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെട്ട കമ്പനിയാണ്. ലോകത്തെ ഒരു ടെക്‌നോളജി കമ്പനി മൈനോരിറ്റി സ്റ്റേക്കിനു വേണ്ടി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. ഇന്ത്യന്‍ സാങ്കേതിക വിദ്യാ മേഖലയിലെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപമാണിതെന്നും റിലയന്‍സ് അറിയിച്ചു.

ഈ നിക്ഷേപം ഇന്ത്യയോടുള്ള തങ്ങളുടെ പ്രതിപത്തിയും ജിയോയുടെ അതിനാടകീയമായ വളര്‍ച്ച തങ്ങളിലുണ്ടാക്കിയ ആവേശവും കാണിക്കുന്നതെന്നാണ് ഫെയ്‌സ്ബുക്ക് പ്രതികരിച്ചത്. തുടങ്ങിയിട്ട് നാല് വര്‍ഷം തികയുന്നതിന് മുമ്പെ 38.8 കോടി ജനങ്ങളെ ഓണ്‍ലൈനില്‍ എത്തിച്ച് പരസ്പരം ബന്ധിപ്പിക്കാന്‍ ജിയോയ്ക്കായി. ജിയോയുമായി ചേര്‍ന്ന് കൂടുതല്‍ ജനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും ഫെയ്‌സ്ബുക്ക് പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest