തൃശ്ശൂര്‍: സ്‌കൂളിലേക്ക് പോകാനായി റോഡു മുറിച്ചു കടക്കുന്നതിനിടെ അമിതവേഗതയില്‍ എത്തിയ ടിപ്പര്‍ ലോറിയിടിച്ച് ഏഴുവയസുകാരിക്ക് ദാരുണാന്ത്യം. പട്ടിക്കാട് കൊമ്പഴ ചിറ്റിലപ്പിള്ളി ജയിംസ്-റീന ദമ്പതികളുടെ മകളായ എയ്ഞ്ചലാണ് മരിച്ചത്. കൊമ്പഴ സെന്റ് മേരീസ് സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥിനിയാണ് ഏയ്ഞ്ചല്‍.

ജയിംസിന്റെ അമ്മ കുട്ടിയെ റോഡു മുറിച്ചു കടത്തിവിടുമ്പോള്‍ അമിത വേഗതയില്‍ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ടിപ്പര്‍ലോറി കുട്ടിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡിലേക്കു തെറിച്ചുവീണ കുട്ടിയുടെ ശരീരത്തിലൂടെ ടിപ്പര്‍ കയറിയിറങ്ങി. കുട്ടിയെ തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയെ ഇടിച്ചത് തൃശ്ശൂര്‍ ദേശീയ പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കല്ലു കൊണ്ടുപോയിരുന്ന ലോറിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. അപകടത്തെ തുടര്‍ന്നു അക്രമാസക്തരായ ജനക്കൂട്ടം ദേശീയ പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഓടുന്ന വാഹനങ്ങള്‍ തടഞ്ഞു.