കൊലക്കേസില്‍ നീതി തേടി കര്‍ണാടകയിലെ മുന്‍ മന്ത്രി കാനത്തൂര്‍ ദേവസ്ഥാനത്ത്; താന്‍ കുറ്റവാളിയാണെങ്കില്‍ ശിക്ഷിക്കണമെന്ന് രമാനാഥ റൈ

  • Post category:news
  • Reading time:1 min read
You are currently viewing കൊലക്കേസില്‍ നീതി തേടി കര്‍ണാടകയിലെ മുന്‍ മന്ത്രി കാനത്തൂര്‍ ദേവസ്ഥാനത്ത്; താന്‍ കുറ്റവാളിയാണെങ്കില്‍ ശിക്ഷിക്കണമെന്ന് രമാനാഥ റൈ

കാസര്‍കോട്: ദക്ഷിണ കന്നട ജില്ല ചുമതല വഹിച്ചിരുന്ന കര്‍ണാടക മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ബി. രമാനാഥ റൈ കാസര്‍കോട് കാനത്തൂര്‍ നാല്‍വര്‍ ദേവസ്ഥാനത്തെത്തി. താന്‍ പ്രതിയായ കൊലക്കേസില്‍ നീതി തേടിയാണ് ദേവസ്ഥാനത്തെതിയത്. താന്‍ കുറ്റവാളിയാണെങ്കില്‍ ശിക്ഷിക്കണം. ഇല്ലെങ്കില്‍ മുക്തനാക്കണം എന്ന് റൈ ദേവസ്ഥാനം അധിപരോട് അഭ്യര്‍ഥിച്ചു. നിരപരാധിയാണ് താന്‍. പരാതിക്കാരനെയും കേട്ട് തീര്‍പ്പുണ്ടാക്കിത്തരണമെന്ന് റൈ വണങ്ങിയാണ് ദേവസ്ഥാനത്തുനിന്ന് മടങ്ങിയത്. തന്റെ തട്ടകമായ ബണ്ട്വാള്‍ മണ്ഡലത്തിലെ ബി.സി റോഡില്‍ കഴിഞ്ഞ ജുലൈ നാലിന് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ശരത് മഡിവാല (28) കൊല്ലപ്പെട്ട കേസിലാണ് ഇദ്ദേഹം പ്രതിയായത്. കൊലപാതകത്തില്‍ റൈക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ശരതിന്റെ പിതാവ് താനിയപ്പ മഡിവാല പരാതി നല്‍കിയിരുന്നു. കര്‍ണാടകയില്‍ ഏറെ കോളിളക്കമുണ്ടാക്കുകയും സംഘ്പരിവാര്‍ നന്നായി ഉപയോഗിക്കുകയും ചെയ്ത കൊലപാതകമായിരുന്നു അത്. ബി.സി. റോഡില്‍ പിതാവിന്റെ അലക്ക് കടയില്‍ ജോലി ചെയ്യുകയായിരുന്ന ശരതിനെ രാത്രി എട്ടോടെ മാരുതി വാനില്‍ എത്തിയ സംഘം വെട്ടിപരുക്കേല്‍പ്പിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കിടന്ന യുവാവ് അടുത്ത ദിവസം മരിക്കുകയാണുണ്ടായത്. മൃതദേഹം വഹിച്ച് സംഘ്പരിവാര്‍ നിരോധനാജ്ഞ ലംഘിച്ച് നടത്തിയ വിലാപയാത്രയെ തുടര്‍ന്ന് കല്ലടുക്ക മേഖലയില്‍ സാമുദായിക അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. മാസത്തിലേറെ നീണ്ട കര്‍ഫ്യു സമാധാന നിരോധനാജ്ഞ കാരണം ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയുണ്ടായി. കര്‍ണാടകയില്‍ കോണ്‍ഗ്രസ് പങ്കാളിത്ത തുടര്‍ഭരണവും കോടതിയുമുണ്ടായിട്ടും കേസില്‍ തീര്‍പ്പുണ്ടാക്കാന്‍ ദേവസ്ഥാനത്ത് അഭയം തേടിയ മുന്‍മന്ത്രിക്ക് കോണ്‍ഗ്രസ് പിന്തുണയുണ്ട്. ദക്ഷിണ കന്നട ജില്ല പഞ്ചായത്ത് അംഗം ചന്ദ്രപ്രകാശ് ഷെട്ടി തുമ്പെ, ബി. പത്മശേഖര്‍ ജയിന്‍, ഡി.സി.സി. വൈസ്പ്രസിഡണ്ട് ബേബി കുണ്ടാര്‍, കെ. മഹില്ലപ്പ സാലിയന്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

0Shares