കിഫ്ബിയിലൂടെ കാണാം വികസിത കേരളത്തെ; പ്രദര്‍ശന മേളയ്ക്ക് കാസർകോട് ജില്ലയില്‍ 28 ന് തുടക്കമാകും

  • Post category:news
  • Reading time:1 min read
You are currently viewing കിഫ്ബിയിലൂടെ കാണാം വികസിത കേരളത്തെ; പ്രദര്‍ശന മേളയ്ക്ക് കാസർകോട് ജില്ലയില്‍ 28 ന് തുടക്കമാകും

കാസർകോട്: ജന ജീവിതത്തിന്‍റെ സമസ്തമേഖലകളും തൊട്ടറിഞ്ഞ് ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള വികസനകാഴ്ചപ്പാട് മുന്നോട്ടു വെയ്ക്കുന്ന കിഫ്ബിയെ അറിയാന്‍ കാസര്‍കോട്ടുകാര്‍ക്ക് അവസരമൊരുങ്ങുന്നു. വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ പുരോഗമിക്കുന്നതും കിഫ്ബി ധനലഭ്യത ഉറപ്പുവരുത്തുന്നതുമായ പദ്ധതികളുടെ വികസന പ്രദര്‍ശനത്തിനും ബോധവത്കരണ പരിപാടിക്കും ജനുവരി 28 ന് തുടക്കമാകും. കാസര്‍കോട് നുള്ളിപ്പാടിയില്‍ വൈകുന്നേരം മൂന്നിന് പ്രദര്‍ശനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനം വികസനപദ്ധതികളുടെ വിവിധ ദൃശ്യരൂപങ്ങള്‍, ത്രിമാന മാതൃകകള്‍, വെര്‍ച്വല്‍ റിയാലിറ്റി, വിഡിയോകള്‍, അനിമേഷന്‍,ജ്യോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ബില്‍ഡിങ് ഇന്‍ഫര്‍മേഷന്‍ മോഡലുകള്‍ എന്നിവയാല്‍ സമ്പന്നമാകും. വിവിധ വകുപ്പുകളുടെ പദ്ധതികള്‍ക്ക് ധനലഭ്യത ഉറപ്പുവരുത്തി വികസനമുന്നേറ്റത്തിന് പുത്തന്‍ ഊര്‍ജം പകര്‍ന്ന കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) അഞ്ചുവര്‍ഷം കൊണ്ട് ലക്ഷ്യമിടുന്നത് 50000 കോടിയുടെ അടിസ്ഥാന സൗകര്യവികസന പദ്ധതികളാണ്.

ഇതുവരെ അനുമതി നല്‍കിയത് 45,619 കോടി രൂപയുടെ 591 പദ്ധതികള്‍ക്കാണ്. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹ്യവികസനവും ലക്ഷ്യമിടുന്ന കിഫ്ബിയുടെ കേരളനിര്‍മ്മിതി അടിസ്ഥാന സൗകര്യ വികസന പദ്ധതികളെ അടുത്തറിയാനും സമാനതകളില്ലാത്ത വികസനമുന്നേറ്റത്തെ കണ്ടറിയാനും കിഫ്ബി പ്രദര്‍ശനത്തിലുടെ ജില്ലയിലെ പൊതുജനങ്ങള്‍ക്കും അവസരം ലഭിക്കും.

വിവിധ വകുപ്പുകളുടെ കീഴില്‍ പുരോഗമിക്കുന്ന പദ്ധതികളുടെ പ്രദര്‍ശനത്തില്‍ പ്രധാനമായും പദ്ധതികളുടെ ത്രിമാന മാതൃകകള്‍, ബില്‍ഡിങ് ഇന്‍ഫര്‍മേഷന്‍ മോഡല്‍, വിര്‍ച്വല്‍ റിയാലിറ്റി മാതൃകകള്‍, പദ്ധതികളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്ന എല്‍. ഇ. ഡി ഡിസ്പ്ലേ എന്നിവയിലൂടെ സര്‍ക്കാരിന്‍റെ വികസപ്രവൃത്തനങ്ങള്‍ നേരിട്ട് കണ്ട് മനസ്സിലാക്കാനും പൊതുജനങ്ങള്‍ക്ക് അവസരമൊരുങ്ങും.

പ്രദര്‍ശന-ബോധവല്‍ക്കരണ പരിപാടിയില്‍ പ്രശ്നോത്തരി, ഉപന്യാസരചന,പ്രബന്ധരചന മത്സരങ്ങള്‍ സംഘടിപ്പിക്കും. ഈ മല്‍സരങ്ങളിലൂടെ പുതുതലമുറയുടെ വികസനകാഴ്ച്ചപ്പാട് പങ്കുവയ്ക്കാന്‍ അവസരമൊരുങ്ങും. പ്രശ്നോത്തരി നയിക്കുന്നത് പ്രശസ്ത ക്വിസ് മാസ്റ്റര്‍ ജി. എസ് പ്രദീപ് ആണ്.
കേരള വികസനത്തെക്കുറിച്ച് ആഴത്തിലുള്ള പ്രബന്ധങ്ങളും പ്രദര്‍ശനത്തില്‍ അവതരിപ്പിക്കും. തുടര്‍ന്ന് ഈ വിഷയങ്ങളില്‍ വിശദമായ ചര്‍ച്ചകളും നടക്കും.

0Shares