
കാസര്‍കോട്: തളങ്കരയിലെ മുഹമ്മദ് സിനാന് കൊലക്കേസിലെ മുഖ്യപ്രതിയായ യുവാവിനെ ബൈക്കില്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. അണങ്കൂര്‍ ജെ.പി കോളനിയിലെ ജ്യോതിഷിനു (30) നേരെയാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച വൈകിട്ട് 6.45 മണിയോടെ കോട്ടക്കണ്ണി റോഡില്‍ വച്ചാണ് പ്രതി സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ ആള്‍ട്ടോ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചത്. തുടര്‍ന്ന് രക്ഷപ്പെടാന്‍ശ്രമിച്ച ജ്യോതിഷിനെ പിന്തുടര്ന്ന് ആക്രമിക്കാനും സംഘം ശ്രമം നടത്തി. രക്ഷപ്പെടുന്നതിനിടേ വീണ് പരുക്കേറ്റ പ്രതിയെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. അക്രമി സംഘം സഞ്ചരിച്ച കാര്‍ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ കണ്ടാലറിയാവുന്ന നാലുപേര്‍ക്കെതിരേ പോലിസ് വധശ്രമത്തിന് കേസെടുത്തു. കാസര്‍കോട് സി.ഐ സി.എ അബ്ദുല്‍ റഹിം അവധിയിലിയാതിനാല് കോസ്റ്റര്‍ പോലിസ് സി.ഐ പി.വി രാജനാണ് കേസ് അന്വേഷിക്കുക.

അതേസമയം ബൈക്ക് തടഞ്ഞ് നിര്‍ത്തി മുഹമ്മദ് സിനാനെ(21) കുത്തി കൊലപ്പെടുത്തിയെന്ന കേസില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഈ മാസം 17 ന് വിധി പറയാനിരിക്കേയാണ് മുഖ്യപ്രതിക്ക് നേരെ ആക്രമണം. 2008 ഏപ്രില്‍ 16 ന് ഉച്ചയ്ക്കാണ് നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ മാമു-ആയിഷ ദമ്പതികളുടെ മകനും കാസര്‍കോട് സി.ടി.എം പെട്രോള്‍ പമ്പിലെ ജീവനക്കാരനുമായിരുന്ന മുഹമ്മദ് സിനാനെ(19) കുത്തികൊലപ്പെടുത്തിയത്.
വീട്ടിലേക്ക് ഉച്ചഭക്ഷണം കഴിക്കാന്‍ ബൈക്കില്‍ പോകുന്ന വഴിയില്‍ അസുഖബാധിതനായി കഴിയുന്ന സുഹൃത്തിന്റെ വീടായ ആനവാതുക്കലില്‍ പോയി സുഹൃത്തിനെ സന്ദര്‍ശിച്ച് മടങ്ങും ഓവര്‍ബ്രിഡ്ജിന് അടുത്ത് വച്ചാണ് മൂന്നംഗ സംഘം തടഞ്ഞുനിര്‍ത്തി കുത്തികൊലപ്പെടുത്തിയത്. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിലെ സി.ഐ കെ ദാമോദരനാണ് പ്രതികളെ മംഗളുരുവിലെ പമ്പുവയലില്‍ വച്ച് 2008 മേയ് മൂന്നിന് അറസ്റ്റ് ചെയ്തത്. നുള്ളിപ്പാടി ജെ.പി കോളനിയിലെ ജ്യോതിഷ്, കിരണ്‍കുമാര്‍, നിതിന്‍ കുമാര്‍ എന്നിവരാണ് പ്രതികള്‍. 2008 ഏപ്രില്‍ 14ന് വിഷുദിന രാത്രിയില്‍ പള്ളം അച്ചപ്പ കോംപൗണ്ടിലെ സന്ദീപ് കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് കാസര്‍കോട് നഗരത്തില്‍ സംഘര്‍ഷമുണ്ടാവുകയും തുടര്‍ന്ന് സിനാന്, സന്ദീപ് അടക്കം നാല് പേര് കൊല്ലപ്പെട്ടിരുന്നു.
സിനാനെ കൊലപ്പെടുത്താന്‍ കാരണം സന്ദീപിനെ കൊലപ്പെടുത്തിയതിന്റെ വിരോധമാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. സിനാന് വധക്കേസില്‍ മൊത്തം 48 സാക്ഷികളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ജനുവരിയിലാണ് കേസില്‍ വിചാരണ ആരംഭിച്ചത്. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.എന്‍ ഇബ്രാഹിമിന്റെ അപേക്ഷ പരിഗണിച്ച് മൂന്ന് സാക്ഷികളെ കൂടി കോടതി ഉള്‍പ്പെടുത്തിയിരുന്നു. 23 പേരെയാണ് കോടതി വിസ്തരിച്ചത്. പ്രതിഭാഗത്തിന് വേണ്ടി ബി.ജെ.പി നേതാവ് പി എസ് ശ്രീധരന് പിള്ളയാണ് ഹാജരായത്.
