കടപ്പത്ര വിൽപനയിൽ ക്രമക്കേട്; ഐ.സി.ഐ.സി.ഐ ബാങ്കിന് റിസർവ് ബാങ്ക് 58.9 കോടി പിഴ ചുമത്തി

  • Post category:news
  • Reading time:1 min read
You are currently viewing കടപ്പത്ര വിൽപനയിൽ ക്രമക്കേട്; ഐ.സി.ഐ.സി.ഐ ബാങ്കിന് റിസർവ് ബാങ്ക് 58.9 കോടി പിഴ ചുമത്തി

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കായ ഐ. സി. ഐ .സി. ഐക്ക് 58.9 കോടി രൂപ പിഴ ചുമത്തി റിസര്‍വ് ബാങ്ക്. കടപ്പത്ര വില്‍പ്പനയില്‍ ക്രമക്കേട് നടത്തിയതിനാണ് പിഴ ചുമത്തിയത്. ആദ്യമായാണ് ഒരു ബാങ്കിനെതിരെ ആര്‍. ബി. ഐ ഇത്രയും വലിയ തുക പിഴ ചുമത്തുന്നത്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കാണ് ഐ.സി.ഐ.സി.ഐ. കടപ്പത്രങ്ങളുടെ വില്‍പ്പനയില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് റിസർവ് ബാങ്ക് കണ്ടെത്തി. ബാങ്കിംഗ് റെഗുലേഷന്‍ നിയമത്തിലെ 46,47 ചട്ടങ്ങള്‍ അനുസരിച്ചാണ് ബാങ്കിനെതിരെ റിസര്‍വ് ബാങ്ക് നടപടിയെടുത്തിരിക്കുന്നത്. കടപ്പത്രങ്ങളുടെ കാലാവധിയെയോ ബാങ്കിന് ഉപഭോക്താക്കളുമായുള്ള കരാറിനെയോ ഇടപാടുകളെയോ ഈ തീരുമാനം ബാധിക്കില്ലെന്നും ആര്‍.ബി.ഐ പ്രസ്താവനയിലൂടെ അറിയിച്ചു.

എച്ച്ടി.എം (ഹെല്‍ഡ് ടു മെച്ചൂരിറ്റി), അവയ്‌ലബ്ള്‍ ഫോര്‍ സെയ്ല്‍, എച്ച്എഫ്ടി (ഹെല്‍ഡ് ഫോര്‍ ട്രേഡിംഗ്) എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ബാങ്കുകള്‍ക്ക് കടപ്പത്രങ്ങള്‍ കൈവശം വെക്കാം. കടപ്പത്രങ്ങളുടെ നേരിട്ടുള്ള വില്‍പ്പനയ്ക്ക് എച്ച്ടിഎം പോര്‍ട്ട്‌ഫോളിയോയില്‍ പറഞ്ഞിട്ടുള്ള നിര്‍ദേശങ്ങള്‍ ഐ.സി.ഐ.സി.ഐ ബാങ്ക് പാലിച്ചിട്ടില്ലെന്നാണ് കേന്ദ്ര ബാങ്ക് പറയുന്നത്.

എച്ച്ടിഎം സെക്യൂരിറ്റികള്‍ ഒരു നിശ്ചിത കാലാവധി വരെ വില്‍ക്കാനാകില്ല. എന്നാല്‍ ഇതില്‍ കൈവശമുള്ളതിന്റെ അഞ്ച് ശതമാനം കടപ്പത്രങ്ങള്‍ കേന്ദ്ര ബാങ്കിന്‍റെ മുന്‍കൂര്‍ അനുമതിയില്ലാതെ ബാങ്കുകള്‍ക്ക് വില്‍ക്കാവുന്നതാണ്. ഇതില്‍ കൂടുതല്‍ വില്‍ക്കണമെങ്കില്‍ ആര്‍.ബി.ഐയുടെ അനുമതി ആവശ്യമാണ്. മാത്രമല്ല ഇക്കാര്യം വാര്‍ഷിക റിപ്പോര്‍ട്ടില്‍ പ്രസിദ്ധീകരിക്കുകയും വേണം. ഈ നിബന്ധനകള്‍ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേന്ദ്ര ബാങ്കിന്‍റെ നടപടി.

0Shares