ഒടുവില്‍ അധികൃതരുടെ കണ്ണുതുറന്നു; കാസര്‍കോട് ജില്ലയിലെ ദേശീയപാതയോരത്തെ കാടുകള്‍ വെട്ടിമാറ്റിത്തുടങ്ങി

  • Post category:local news
  • Reading time:1 min read
You are currently viewing ഒടുവില്‍ അധികൃതരുടെ കണ്ണുതുറന്നു; കാസര്‍കോട് ജില്ലയിലെ ദേശീയപാതയോരത്തെ കാടുകള്‍ വെട്ടിമാറ്റിത്തുടങ്ങി

കാസര്‍കോട്: ചെര്‍ക്കള മുതല്‍ ചട്ടഞ്ചാല്‍ വരെ ദേശീയപാത 66 ലെ പാതെയോരത്തെ കാടുകള്‍ വെട്ടിമാറ്റി തുടങ്ങിയത് യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ആശ്വാസമായി. അടിക്കടി ഉണ്ടാകുന്ന അപകടങ്ങളില്‍ നിരവധി ജീവനുകളാണ് ഇവിടെ പൊലിയുന്നത്. ഇതിന് പ്രധാന വില്ലനായത് കാടുമൂടിക്കിടക്കുന്ന ഇവിടെയുള്ള വളവുകളായിരുന്നു. ഇവിടെത്തെ അപകടങ്ങള്‍ സംബന്ധിച്ച് ചാനല്‍ ആര്‍.ബി ഡോട്ട്‌കോം വിശദമായ റിപോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് അധികൃതരുടെ കണ്ണുതുറന്നത്. ഇപ്പോള്‍ ചെര്‍ക്കള മുതല്‍ കാലിക്കടവ് വരെ ദേശീയപാതാ അധികൃതര്‍ കാടുവെട്ടിത്തെളിച്ചുവരികയാണ്. ബേവിഞ്ച വളവില്‍ കാട് മൂടിക്കിടക്കുന്നതുകാരണം കഴിഞ്ഞ ആഴ്ച പോലും രണ്ട് അപകടമാണ് ഇവിടെ സംഭവിച്ചത്. ബസും ലോറിയും കൂട്ടിയിടി നടന്നതും ഒരാഴ്ച മുമ്പ് ടാങ്കര്‍ ലോറി മറിഞ്ഞ് ഗതാഗതം സ്തംഭിച്ചതും മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ചെര്‍ക്കള മുതല്‍ ചട്ടഞ്ചാല്‍ വരെയുള്ള പാതയിലും അപകടം പെരുകാന്‍ കാരണം വളര്‍ന്ന് പന്തലിച്ച കാടുകള്‍ തന്നെയാണ്. നിലവില്‍ കാടുമൂടിയതിനാല്‍ വളവുകളില്‍ വാഹനങ്ങളുടെ പോക്കുവരവു പോലും കാണാനായിരുന്നില്ല. ഇതിനുപുറമെ കാല്‍നടയും ദുസഹമായിരുന്നു. റോഡിന്റെ ഇരുവശങ്ങളിലും കാടുള്ളതിനാല്‍ കാല്‍നടക്കാര്‍ റോഡിലൂടെയാണ് നടന്നുപോയിരുന്നത്.

 

0Shares