ഐ.ഐ.ടി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ജനാധിപത്യ ഇന്ത്യയുടെ മതേതര മുഖം വികൃതമാക്കി: വനിതാ കമ്മീഷന്‍

  • Post category:news
  • Reading time:2 mins read
You are currently viewing ഐ.ഐ.ടി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ജനാധിപത്യ ഇന്ത്യയുടെ മതേതര മുഖം വികൃതമാക്കി: വനിതാ കമ്മീഷന്‍

കാസര്‍കോട്: ചെന്നൈ ഐ.ഐ.ടി പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ മലയാളി പെണ്‍കുട്ടിയുടെ ആത്മഹത്യ മതേതര ഇന്ത്യയ്ക്ക് അപമാനമാണെന്ന് വനിതാകമ്മീഷന്‍ അംഗം ഷാഹിദ കമാല്‍. പെണ്‍കുട്ടി വംശീയ പീഡനത്തിന് ഇരയായെന്ന് കാണിക്കുന്ന വാട്ട്‌സ് ആപ് ന്ദേശങ്ങള്‍ ഫോണില്‍ കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുന്‍പ് പെണ്‍കുട്ടി പിതാവിനെ വിളിച്ച് തന്‍റെ പേര് മാറ്റണം എന്ന് ആവശ്യപ്പെട്ടിരുന്നു. കാസര്‍കോട് വനിതാ കമ്മീഷന്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു ഷാഹിദ കമാല്‍.

പെണ്‍കുട്ടിയുടെ ഇന്റേണല്‍ മാര്‍ക്ക് കുറച്ച സംഭവത്തെ തുടര്‍ന്ന് അതിനെ അവര്‍ ചോദ്യം ചെയ്തിരുന്നു. അതിന് ശേഷമാണ് പെണ്‍കുട്ടിക്ക് അവിടെ നില്‍ക്കാനാകാത്ത സാഹചര്യം ഉണ്ടായത്. സ്ത്രീകള്‍ക്ക് നേരെ ശാരീരികവും മാനസീകവും ലൈംഗികവുമായുള്ള അതിക്രമങ്ങളാണ് കേട്ട് പരിചയിച്ചതെങ്കിലും വംശീയപരമായ അധിക്ഷേപവും വര്‍ധിക്കുന്നു എന്നതിന്‍റെ തെളിവായി വനിതാ കമ്മീഷന്‍ ഇതിനെ കാണുന്നു.

സംഭത്തില്‍ വനിത കമ്മീഷന്‍ സ്വമേധയാകേസ് എടുത്തിട്ടുണ്ടെങ്കിലും പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ രേഖാമൂലം പരാതി നല്‍കും എന്ന് അറിയിച്ചിട്ടുണ്ട്. കേരളത്തിന് പുറത്ത് നടന്ന സംഭവമായതിനാലുള്ള നിയമ വശങ്ങള്‍കൂടി കണക്കിലെടുത്ത് വിഷയത്തില്‍ വനിതാ കമ്മീഷന്‍ ഇടപെടും.

 

കാസര്‍കോട് ഉപ്പള സ്വദേശി 2010 ല്‍ വിവാഹം ചെയ്ത ജാര്‍ഖണ്ഡ് സ്വദേശിനി, ഭര്‍ത്താവ് മരിച്ചതിനെത്തുടര്‍ന്ന് ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ അവഗണിക്കുകയും സ്വത്തുക്കളും അര്‍ഹമായ മറ്റ് അവകാശങ്ങളും നല്‍കുന്നില്ലെന്നും കാണിച്ച് നല്‍കിയ പരാതി ഇരുകൂട്ടരുടേയും സമ്മതത്തോടെ തീര്‍പ്പാക്കി.

മണല്‍വാരല്‍ മേഖലയില്‍ ഡ്രൈവറായി ജോലിചെയ്യുന്ന പതിനെട്ട് വയസ് പ്രായമായ തന്‍റെ മകനെ പാര്‍ട്ണറാക്കാമെന്ന് പറഞ്ഞ് ഒരു ബന്ധു പണം കൈക്കലാക്കിയശേഷം അത് തിരിച്ച് ചോദിക്കാന്‍ ചെന്നപ്പോള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് യുവാവിന്‍റെ അമ്മ പരാതിപ്പെട്ടു. ബന്ധു യുവാവിന്‍റെ സഹോദരിമാരെ അസഭ്യം പറയുകയും, കാണുന്ന ഇടത്തുനിന്നെല്ലാം അസഭ്യം പറയുകയും ചെയ്യുന്നുവെന്നും പരാതിയില്‍ പറയുന്നു. മണല്‍ വാരല്‍ മാഫിയയുടെ അക്രമവും ഭീഷണിയും ജില്ലയില്‍ കൂടുതലായതിനാല്‍ ഈ വിഷയം കമ്മീഷന്‍ പോലീസിന്‍റെയും ജില്ലാ കളക്ടറുടേയും ശ്രദ്ധയില്‍ പെടുത്തി നടപടി സ്വീകരിക്കും.

ചെറുപ്രായത്തില്‍ വിവാഹം കഴിപ്പിച്ച് അയച്ച പെണ്‍ കുട്ടികളുടെ ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഭര്‍ത്താക്കന്‍മാര്‍ അവിടെ മറ്റൊരു ബന്ധം കൂടുകയും, നാട്ടിലെ ഭാര്യമാരെ ബന്ധത്തില്‍ നിന്ന് ഒഴിവാകാന്‍ നിര്‍ബഡിക്കുകയോ നിയമാനുസൃതമായി വിവാഹമോചനം അനുവദിക്കുകയോ ചെയ്യാത്ത കേസുകള്‍ ജില്ലയില്‍ വര്‍ദ്ധിക്കുകയാണ്. ഇത്തരം പരാതികളില്‍ കമ്മീഷന്‍ കര്‍ശന നടപടി സ്വീകരിക്കും. ജില്ലയില്‍ പൊതുവെ വനിതാ കമ്മീഷന്‍ അദാലത്തില്‍ പരാതികളുടെ എണ്ണം കുറയുന്നത് ആശ്വാസമാണെന്ന് ഷാഹിദ കമാല്‍ പറഞ്ഞു.

28 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ഏഴ് എണ്ണം തീര്‍പ്പാക്കി. മൂന്ന് എണ്ണം വിവിധ വകുപ്പുകള്‍ക്ക് റിപ്പോര്‍ട്ടിനായി കൈമാറി. ഹുസൂര്‍ ശിരസ്തദാര്‍ കെ. നാരായണന്‍, അഡ്വ: എസ് രേണുക ദേവി തങ്കച്ചി, വനിത സെല്‍ എസ്.ഐ എം. എ. ശാന്ത എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി.

0Shares