ആവേശം നിറഞ്ഞ ഷൂട്ടൗട്ടിലൂടെ 14ാമത് നാഷണല്‍ ട്രോഫി ഫാസ്‌ക് കുണിയയ്ക്ക്.

  • Post category:local news
  • Reading time:2 mins read
You are currently viewing ആവേശം നിറഞ്ഞ ഷൂട്ടൗട്ടിലൂടെ 14ാമത് നാഷണല്‍ ട്രോഫി ഫാസ്‌ക് കുണിയയ്ക്ക്.

കാസര്‍കോട്: 14-മത് നാഷണല്‍ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഫുട്‌ബോള്‍ ചാമ്പ്യന്ഷിപ്പില്‍ ഫാസ്‌ക് കുണിയക്ക് കിരീടം. കഴിഞ്ഞ ദിവസം തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള് ഗ്രൗണ്ടിലെ ലഫ്. മുഹമ്മദ് ഹാഷിം ഗ്രൗണ്ടില്‍ വെച്ചായിരുന്നു മത്സരം സംഘടിപ്പിച്ചത്. 14-ാമത് നാഷണല്‍ ട്രോഫിക്കും അമ്പതിനായിരം ക്യാഷ് പ്രൈസ് മണിക്കും വേണ്ടി വാശിയേറിയ പോരാട്ടത്തിനൊടുവില്‍ റിബല്‍സ് രാമന്തളിയെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് ഫാസ്‌ക് കുണിയ കിരീടത്തില്‍ മുത്തമിട്ടത്. നിശ്ചയിച്ച സമയം ഇരു ടീമുകളും ഒരു ഗോളിന്റെ സമനിലയില്‍ കളി അവസാനിക്കുകയായിരുന്നു. ആദ്യ പത്ത് മിനിറ്റില്‍ തന്നെ റിബല്‍സ് രാമന്തളി ഗോള്‍ നേടി ലീഡെടുത്തു സര്‍വ്വീസസിന്റെ സന്തോഷ് ട്രോഫി താരം ജയിനാണ് ഗോള്‍ നേടിയത്. തുടര്‍ന്ന് ഉണര്‍ന്നു കളിച്ച ഫാസ്‌ക് കുണിയ തുടര്‍ച്ചയായ ആക്രമണങ്ങള്‍ അഴിച്ചു വിട്ടു.പക്ഷെ മിന്നുന്ന ഫോമിലായിരുന്ന രാമന്തളിയുടെ ഗോളിയെ മറികടക്കാന്‍ കഴിഞ്ഞില്ല. ഗോളെന്നുറപ്പിച്ച ഒരു ലോങ്ങ്ഷൂട്ടര്‍ രാമന്തളിയുടെ ഗോളി വായുവില്‍ പറന്ന് രക്ഷപ്പെടുത്തുകയായിരുന്നു. എന്നാല്‍ രണ്ടാം പകുതിയുടെ അവസാനത്തോടെ കുണിയയുടെ ആക്രമണത്തിന് ഫലം ലഭിച്ചു മനോഹരമായ ലോങ്ങ്ഷൂട്ടറിലൂടെ ഘാന താരം ഗുഡ്വിന്‍ കുണിയയെ ഒപ്പമെത്തിക്കുകയായിരുന്നു. തുടര്‍ന്ന് കളി ഷൂട്ടൗട്ടിലെക്ക് നീങ്ങുകയായിരുന്നു.

ഷൂട്ടൗട്ടില്‍ 5-3 എന്ന സ്‌കോറില്‍ കുണിയ വിജയ്ക്കുകയായിരുന്നു. രാമന്തളിയുടെ തമിഴ്‌നാട് സന്തോഷ് ട്രോഫി താരം ബിനീഷിന്റെ കിക്ക് കുണിയയുടെ തമിഴ്‌നാട് സന്തോഷ് ട്രോഫി ഗോള്‍കീപ്പര്‍ സവിനേഷ് തടുത്തിട്ടതാണ് ഷൂട്ടൗട്ടില്‍ വിധി നിര്‍ണ്ണയിച്ചത്. ഫൈനലിലെ മികച്ച താരമായി കുണിയയുടെ ഘാന താരം ഗുഡ്വിനെ തെരഞ്ഞെടുത്തു. ടൂര്‍ണ്ണമെന്റിലെ മികച്ച താരമായി രാമന്തളിയുടെ ജയിനെയും മികച്ച ഗോള്‍കീപ്പറായി നാഷണല്‍ കാസര്‍കോടിന്റെ ശ്രീജിത്തിനെയും മികച്ച സ്റ്റോപ്പര്‍ ബാക്കായി രാമന്തളിയുടെ ബിനീഷിനെയും മികച്ച ഫോര്‍വേഡായി കുണിയയുടെ ദീപകിനെയുമാണ് തെരഞ്ഞെടുത്തത്. വിജയികള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ട്രോഫികള്‍ വിതരണം ചെയ്തു. എ.ജി.സി ബഷീറിനുള്ള ഉപഹാരം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എന്‍.എ സുലൈമാന്‍ കൈമാറി. മികച്ച കാണികളായി തെരഞ്ഞെടുക്കപ്പെട്ട ആലി പടിഞ്ഞാര്‍, ആബിദ് കെ.കെ പുറം എന്നിവര്‍ക്കുള്ള ഉപഹാരം ടി.എ ശാഫിയും നാഷണല്‍ ഭാരവാഹികളും ഗാലറിയില്‍ ചെന്ന് കൈമാറി. വര്‍ഷങ്ങളായി എസ്.എസ.്എല്‍.സിയിലും പ്ലസ്ടുവിലും നൂറ് ശതമാനം വിജയം കരസ്ഥമാക്കുന്ന ദഖീറത്ത് സ്‌കൂളിനുള്ള ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീറില്‍ നിന്ന് ടി.എ ശാഫി, പ്രിന്‍സിപ്പല്‍ എന്നിവര്‍ ഏറ്റുവാങ്ങി.

0Shares