ആരോഗ്യവും സൗഹാര്‍ദവും ഉദ്‌ഘോഷിച്ച് ഗുഡ്‌മോണിങ് കാസര്‍കോടിൻ്റെ  കാസര്‍കോട് മാരത്തണ്‍

  • Post category:news
  • Reading time:1 min read
You are currently viewing ആരോഗ്യവും സൗഹാര്‍ദവും ഉദ്‌ഘോഷിച്ച് ഗുഡ്‌മോണിങ് കാസര്‍കോടിൻ്റെ  കാസര്‍കോട് മാരത്തണ്‍

കാസര്‍കോട്: ആരോഗ്യവും സൗഹാര്‍ദവും എന്ന സന്ദേശവുമായി ഗുഡ്‌മോണിങ് കാസര്‍കോട് സംഘടിപ്പിച്ച മൂന്നാമത് മാരത്തണില്‍ വന്‍ ജനപങ്കാളിത്തം. താളിപ്പടുപ്പ് മൈതാനിയില്‍ നിന്ന് വിദ്യാനഗറിലെ മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലേക്കായിരുന്നു മാരത്തണ്‍. ജാതിമത ദേദമില്ലാതെ കുട്ടികള്‍ മുതല്‍ പ്രായമുള്ളവര്‍ വരെ ഓടാനെത്തി. അഞ്ചര വയസുള്ള മുഹമ്മദ് ഷിഫാ മുഹബത്തും കാസര്‍കോട് ഡി.വൈ.എസ്.പി എം.വി സുകുമാരനും ഓട്ടം പൂര്‍ത്തിയാക്കി താരങ്ങളായി. ഞായറാഴ്ച രാവിലെ 6.30ന് താളിപ്പടുപ്പ് മൈതാനിയില്‍ നിന്നാരംഭിച്ച മരത്തണ്‍ ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു, ജില്ലാ പൊലീസ്‌മേധാവി കെ.ജി സൈമണ്‍ എന്നിവര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ ശ്രീകാന്ത്, കാസര്‍കോട് ഡിവൈഎസ്പി എം വി സുകുമാരന്‍, പ്രസ്‌ക്ലബ് പ്രസിഡന്റ് ടി എ ഷാഫി, പ്രൊഫ. വി ഗോപിനാഥന്‍ എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് ഹാഷിം സ്വാഗതം പറഞ്ഞു.വിദ്യാനഗര്‍ മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടന്ന സമാപനത്തില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എന്‍.എ സുലൈമാന്‍, ഡി.വൈ.എസ്.പി എം.വി സുകുമാരന്‍, ടി.എ ഷാഫി, പ്രൊഫ. വി ഗോപിനാഥന്‍, മുജീബ് അഹമ്മദ്, തസ്ലീം അയ്‌വ, എന്‍ എം ഹാരിസ്, ഗിരിഷ് സന്ധ്യ, ഖയ്യും മാളിക, മോഹനകൃഷ്ണന്‍ സിത്താര എന്നിവര്‍ സമ്മാനം നല്‍കി. സന്തോഷ് ട്രോഫി നേടിയ കേരള ഫുട്‌ബോള്‍ ടീമംഗം കെ പി രാഹുല്‍, മാനേജര്‍ പി സി ആസിഫ്, ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ ഇന്ത്യന്‍ ടീമിലംഗമായിരുന്ന കബഡി കോച്ച് ജഗദീഷ് കുമ്പള, സ്‌പെയിനില്‍ നടക്കുന്ന അന്താരാഷ്ട്ര മാസ്‌റ്റേഴ്‌സ് മീറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സലീം ആഗബാഗിലു, മുന്‍ഗുസ്തി താരം ശിവറായ് ഷേണായ് എന്നിവരെ ആദരിച്ചു. ഹരിസ് ചൂരി അധ്യക്ഷനായി. ബാലന്‍ ചെന്നിക്കര സ്വാഗതവും എം ശിവന്‍ നന്ദിയും പറഞ്ഞു.

0Shares