ഉപ്പള( കാസര്‍കോട്): ഉപ്പള സോങ്കാലിലെ അബ്ദുല്ലയുടെ മകന്‍ അബൂബക്കര്‍ സിദ്ദിഖ് (21) നെ ബി.ജെ.പി പ്രവര്‍ത്തകരായ അശ്വതും സംഘവും കുത്തി കൊലപ്പെടുത്തിയത് മദ്യവില്‍പനയുമായി ബന്ധപ്പെട്ട കുടിപ്പകയിലാണെന്ന് വ്യക്തമായി. അശ്വിതിൻ്റെ നേതൃത്വത്തില്‍ കര്‍ണാടകയില്‍ നിന്നും മദ്യം കൊണ്ടു വന്ന് ഉപ്പള സോങ്കാലിലും പ്രതാപ് നഗറിലും വില്‍ക്കുന്നത് നാട്ടുകാര്‍ക്ക് ശല്യമായിമാറിയതോടെ സിദ്ദിഖ് മുന്‍കയ്യെടുത്ത് എതിര്‍ത്തിരുന്നു. ഇതോടെ സിദ്ദിഖ് മദ്യവില്പനക്കാരുടെ കണ്ണിലെ കരടായി മാറി. നാട്ടുകാര്‍ക്ക് പ്രിയങ്കരനായ സിദ്ദിഖിന് പിന്തുണയുമായി സുഹൃത്തുക്കളും നാട്ടുകാരും രംഗത്ത് വന്നതോടെ അശ്വിത് സുഹൃത്തുക്കളെയും കൂട്ടി പകരം ചോദിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഈ തിരക്കഥയുടെ ഭാഗമായാണ് ഇന്നലെ രാത്രി സിദ്ധിഖിൻ്റെ നീക്കങ്ങള്‍ മനസ്സിലാക്കിയ പ്രതികള്‍ ബൈക്കിലെത്തി സിദ്ധിഖിനെ വകവരുത്തിയത്. ബി.ജെ.പി പ്രാദേശിക നേതാവിൻ്റെ സഹോദരിയുടെ മകനാണ് കൊലപാതകം നടത്തിയ അശ്വത്. കൊലക്ക് പിന്നില്‍ ബി.ജെ.പിയുടെ പിന്തുണയുണ്ടയിരുന്നതായി സി.പി.എം ഏരിയാ കമ്മിറ്റി ആരോപിച്ചു. രാത്രിയോടെ ഏതാനും ബൈക്കുകളിലെത്തിയ സംഘം മദ്യവില്‍പന ചോദ്യം ചെയ്തതിന് സോങ്കാലില്‍ പോര്‍വിളി നടത്തി മടങ്ങിയിരുന്നു. ഇതിന് പിന്നാലെ സിദ്ദിഖിനെ നോട്ടമിട്ട പ്രതികള്‍ ബൈക്കില്‍ വീണ്ടുമെത്തി സിദ്ദീഖിനെ കുത്തിവീഴ്ത്തുകയായിരുന്നു. ആക്രമണ സമയത്ത് സിദ്ദീഖിനൊപ്പം ഫൈസല്‍ എന്ന യുവാവും ഉണ്ടായിരുന്നു. എന്നാല്‍ പ്രതികള്‍ കത്തികാട്ടി ഭീഷണിപ്പെടുത്തിയതിനാല്‍ ഫൈസല്‍ ഓടി രക്ഷപെട്ടു. ഈ സമയം സിദ്ദിഖ് ഒറ്റപ്പെടുകയും പ്രതികള്‍ കൃത്യം നടത്തി രക്ഷപെടുകയുമായിരുന്നു. സംഘം ബൈക്കുകളില്‍ തന്നെയാണ് രക്ഷപെട്ടത്. കൊലപാതകം നടത്തിയ അശ്വിത് സി.പി.എം പ്രവര്‍ത്തകന്‍ സലീമിനെ കുത്തിയ കേസിലും ചില ക്രിമിനല്‍ കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
കൊലയാളി സംഘത്തിന് വേണ്ടി ഉപ്പളയിലും പരിസരങ്ങളിലും കര്‍ണാടകയിലും തിരച്ചില്‍ നടത്തിവരികയാണ്. പ്രതികളുടെ തിരച്ചലിനായി പ്രത്യേകം സംഘത്തെ രൂപീകരിച്ചിരിക്കുകയാണ് പോലീസ്. ഒരു ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതക വിവരമറിഞ്ഞ് ജില്ലാ പോലീസ് മേധാവി ഡേ.എ. ശ്രീനിവാസ് സ്ഥലത്തെത്തി നേരിട്ട് സ്ഥിതിഗതികള്‍ വിലയിരുത്തുകയും സ്ഥലത്ത് കൂടുതല്‍ പോലീസിനെ വിന്യസിക്കുകയുമായിരുന്നു. കാസര്‍കോട് ഡി.വൈ.എസ്.പി. എം.വി. സുകുമാരൻ്റെയും കുമ്പള സി.ഐ പ്രേംസദൻ്റെയും നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് സി.പി.എം മഞ്ചേശ്വരം താലൂക്കില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.