
പീതാംബരൻ കുറ്റിക്കോൽ
കൊളത്തൂര്‍/ കാസർകോട്: വിദ്യാർത്ഥികളും രക്ഷിതാക്കളും നാടൊന്നാകെ അതിതീവ്രമായി ആഗ്രഹിച്ചപ്പോൾ തുലാവർഷ കാറ്റും മഴയും വഴിമാറിപോയി. സ്കൂൾ കലോത്സവത്തിന് വീണ്ടും അരങ്ങുണർന്നപ്പോൾ കാണാൻ കൊളത്തൂരിലേക്ക് നിരവധി ഗ്രാമീണ ജനങ്ങളാണ് ഒഴുകിയെത്തിയത്.

ഒക്ടോബർ മാസം അവസാനവാരം അഞ്ചുദിവസങ്ങളിലായി നടക്കേണ്ടിയിരുന്ന മേള ശക്തമായ കാറ്റിലും മഴയിലും അലങ്കോലമായതോടെ മാറ്റി വെയ്ക്കുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ മുതൽ ഉണ്ടായ കനത്ത മഴയിലും ഷീറ്റ് കൊണ്ടുള്ള പന്തൽ വേദികൾ പലതും ഉപയോഗ പ്രദമല്ലാതായി.

സംഘാടകർ ക്ലാസ്മുറികൾ ഉൾപ്പെടെ വേദികളാക്കി പരിപാടികൾ നടത്തുകയായിരുന്നു. എന്നാൽ കാലാവസ്ഥ പ്രതികൂലമായതിനാൽ പിറ്റേദിവസം ജില്ലയിലെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കുകയായിരുന്നു.

ചൊവ്വാഴ്ച കലാമേള വീണ്ടും പുനരാരംഭിക്കുകയിരുന്നു. മഴ മാറിയതോടെ കുട്ടികളുടെ കലാപരിപാടികൾ കാണാൻ നിരവധി കലാസ്വാദകരാണ് കൊളത്തൂരിലെത്തിയത്. മൂവായിരത്തിലധികം വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ മാറ്റുരക്കുന്നുണ്ട്.
