
മാവോവാദികള്‍ എന്ന് ആരോപിച്ചുകൊണ്ട് പോലീസ് അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തി റിമാൻഡ് ചെയ്ത അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരെ സി.പി.എം ഉടനെ പുറത്താക്കും. ഇരുവരും മാവോവാദികളാണെന്ന് പാർട്ടി നടത്തിയ രഹസ്യ അന്വേഷണത്തിൽ ബോധ്യപ്പെട്ട സാഹചര്യത്തിലാണിത്. മാവോയിസ്റ്റ് ആശയഗതിയിലേക്ക് കൂടുതൽ പേർ ആകൃഷ്ടരായോ എന്നു ആഴത്തിൽ പരിശോധിക്കാനും പാർട്ടി ഒരുങ്ങുകയാണ്.
പാർട്ടിയുടെ വിവിധ തലങ്ങളിൽ ഉടനെ യോഗം വിളിച്ചു ആവശ്യമായ ശുദ്ധീകരണ നടപടികളും മുൻകരുതലുകളും എടുക്കും. മാവോയിസ്റ്റ് ആശയക്കാർ വേറെയും പാർട്ടിയിലുണ്ടെന്നാണ് പ്രാഥമികമായി ലഭിച്ച സൂചനകൾ. വഴിതെറ്റിയ സഖാക്കളെ പാർട്ടിയുടെ പൊതുധാരയിലേക്ക് തിരിച്ചു കൊണ്ടുവരാൻ ശ്രമം നടത്തും.

ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ അലനും താഹയും പാർട്ടി പരിപാടികളിൽ സജീവമായി പങ്കെടുക്കുന്നവരാണ്. ഇരുവരുടെയും മാവോയിസ്റ്റ് ബന്ധം കണ്ടെത്താൻ കഴിഞ്ഞില്ലെന്നത് വലിയ വീഴ്ചയായാണ് പാർട്ടി വിലയിരുത്തുന്നത്. മാവോവാദത്തിനു മറയായി സി.പി.എം ബന്ധം ഇവർ ദുരുപയോഗം ചെയ്തതായും പാർട്ടി കണ്ടെത്തി. ഇതേസമയം ,ഇവരുടെ മേൽ യു.എ.പി.എ ചുമത്തിയതിനെ പൊതു നിലപാടിന്‍റെ അടിസ്ഥാനത്തിൽ അംഗീകരിക്കുന്നില്ല.
വസ്തുതകൾ ബോധ്യപ്പെടുന്നതിനു മുൻപ് പി.ബി അംഗമായ എം.എ ബേബിയും കേന്ദ്ര കമ്മിറ്റി അംഗമായ ധനമന്ത്രി തോമസ് ഐസക്കും ഈ വിഷയത്തിൽ ഇടപെട്ടതിനെതിരെ സി.പി.എമ്മിൽ കടുത്ത വിമർശനം ഉയർന്നിട്ടുണ്ട്.
