മുസ്ലീം ലീഗാണ് എല്ലാം എന്നത് ശരിയല്ല; എല്ലാ പാര്‍ട്ടിയിലും മുസ്ലീം പ്രാധിനിത്യം വേണം; സി.എച്ച് ന്റെ വിദ്യാഭ്യാസ നയം കേരളത്തെ പിന്നോട്ട് നയിച്ചു; ഇ.കെ വിഭാഗത്തിന്റെ ദര്‍ശന ടി.വിയില്‍ കാന്തപുരത്തിന്റെ മകന്‍ ഹക്കീം അസ്ഹരി പറഞ്ഞത്.

  • Post category:news
  • Reading time:2 mins read
You are currently viewing മുസ്ലീം ലീഗാണ് എല്ലാം എന്നത് ശരിയല്ല; എല്ലാ പാര്‍ട്ടിയിലും മുസ്ലീം പ്രാധിനിത്യം വേണം; സി.എച്ച് ന്റെ വിദ്യാഭ്യാസ നയം കേരളത്തെ പിന്നോട്ട് നയിച്ചു; ഇ.കെ വിഭാഗത്തിന്റെ ദര്‍ശന ടി.വിയില്‍ കാന്തപുരത്തിന്റെ മകന്‍ ഹക്കീം അസ്ഹരി പറഞ്ഞത്.

കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ മകനും സുന്നി യുവജന പ്രസ്ഥാനത്തിന്റെ നേതാവുമായ ഡോ.അബ്ദുള്‍ ഹക്കീം അല്‍ അസ്ഹരി കഴിഞ്ഞ ദിവസം ഇ.കെ വിഭാഗത്തിന്റെ ദര്‍ശന ടി.വിയില്‍ അഭിമുഖത്തില്‍ പങ്കെടുക്കുകയുണ്ടായി. കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെക്കുറിച്ചും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനത്തെക്കുറിച്ചും, എ.പി. വിഭാഗത്തിന്റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ചുമെല്ലാം ചര്‍ച്ചയില്‍ വിഷയങ്ങളായി വന്നു. കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തി പിടിക്കുന്ന മുത്വലാക്ക് വിഷയവും, ബാബറി മസ്ജിദ് വിഷയത്തിലെ കാന്തപുരത്തിന്റെ നിലപാടും അസ്ഹരിക്ക് തുറന്ന് പറയേണ്ടി വന്നു.

കേരളത്തിലെ വിദ്യാഭ്യാസത്തിന് സി.എച്ച് മുഹമ്മദ് കോയ നടത്തിയ കാര്യങ്ങള്‍ ഒന്നുമല്ലെന്നും മുസ്ലീം ലീഗ് ഉള്ളത് കൊണ്ട്, മറ്റ് രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് മുസ്ലീങ്ങള്‍ക്ക് കിട്ടേണ്ട കുറെനല്ല കാര്യങ്ങള്‍ക്ക് തടസ്സമുണ്ടായി എന്നത് ലീഗ് തിരിച്ചറിയണം. മുസ്ലീങ്ങള്‍ക്കായി ഒരു രാഷ്ട്രീയ പാര്‍ട്ടി എന്നത് ശരിയല്ല എന്നാണ് എന്റെ നിലപാട്. ഈ കാലഘട്ടത്തില്‍ മറ്റ് രാഷ്ട്രിയ പാര്‍ട്ടിയില്‍ കൂടി മുസ്ലീം പ്രാധിനിത്യം അനിവാര്യമാണ്. അത് ഉണ്ടെങ്കിലെ ഇന്ത്യാ മഹാ രാജ്യത്ത് മുസ്ലീം സമൂഹത്തിന് മുന്നോട്ടു വരാനാകൂമെന്നും അസ്ഹരി പറഞ്ഞു. ബി.ജെ.പിയുമായി കൂടുതല്‍ അടുപ്പം ഒന്നും എ.പി വിഭാഗത്തിനില്ല. ബി.ജെ.പിയും, ഇടതും, വലതും എല്ലാം ഒരു പോലെയാണ്. രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ മുസ്ലീം ലീഗിനെയും അതേ രൂപത്തിലേ കാണാനാകൂ. ലീഗ് ചെയ്ത നല്ല കാര്യങ്ങള്‍ ഞങ്ങള്‍ അംഗീകരിക്കുന്നു. എന്ന് കരുതി ലീഗാണ് എല്ലാം എന്ന നിലപാട് ഞങ്ങള്‍ക്ക് ഇല്ല. കേരളത്തേക്കാള്‍ എത്രയോ മടങ്ങ് വിദ്യാസമ്പന്നരാണ് ഉത്തരേന്ത്യക്കാര്‍. എന്നാല്‍ ഇവരില്‍ പലര്‍ക്കും കാര്യമായ ജീവിത നിലവാരം ഇല്ല. മതിയായ മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലാത്തതാണ് ഇവരുടെ മുന്നോട്ടുള്ള ദീനീപരമായ വളര്‍ച്ചയ്ക്ക് തടസ്സം, ഇത് നികത്താനുള്ള പ്രവര്‍ത്തനമാണ് ഞങ്ങള്‍ നടത്തുന്നത്. ഇതിന് കരുത്ത് പകരാന്‍ കേരള മുസ്ലീം ജമാഅത്തിലൂടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും, നാടിന്റെ നന്മയ്ക്കും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ തീര്‍ച്ചയായും മത സൗഹാര്‍ദ്ദം അനിവാര്യമാണ്. ഇവിടെ രാഷ്ട്രീയമായി വേര്‍തിരിഞ്ഞ് ഒറ്റപ്പെടുത്താനോ കുറ്റപ്പെടുത്താനോ ഞങ്ങള്‍ തയ്യാറല്ല. കാരണം നമ്മുടെ മഹത്തായ ലക്ഷ്യത്തിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരുടെയും പിന്തുണ അനിവാര്യമാണ്. ഏത് പാര്‍ട്ടി ഭരിച്ചാലും അവരില്‍ നിന്ന് ആവശ്യമായ ആനുകൂല്യങ്ങള്‍ നേടിയെടുക്കലാണ് മത സംഘടനകള്‍ ചെയ്യേണ്ടത് അതേ ഞങ്ങളും ചെയ്യുന്നുള്ളൂവെന്നും അസ്ഹരി വ്യക്തമാക്കി.


സുന്നി ഐക്യത്തിന് ഇനി ശ്രമം നടത്തേണ്ടത് മുസ്ലീം ലീഗാണ്. പാണക്കാട് തങ്ങള്‍ കുടുംബത്തോട് ഞങ്ങള്‍ എതിരല്ല, മറിച്ച് മിത്രങ്ങളാണ്. ഹൈദരലി ശിഹാബ് തങ്ങള്‍ സമസ്തയിലും രാഷ്ട്രീയത്തിലും ഒന്നിച്ചെടുക്കുന്ന നിലപാടുകള്‍ ചിലത് സ്വീകാര്യമല്ല. ലീഗില്‍ സുന്നികളുടെ ഐക്യം തടയാന്‍ ശ്രമിക്കുന്ന ചില മുജാഹിതുകള്‍ ഉണ്ട്, ഇവരാണ് പ്രശ്‌നക്കാര്‍. സുന്നികള്‍ യോജിക്കണമെന്നും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് തന്നെയാണ് ഞങ്ങളാഗ്രഹിക്കുന്നത്. ഇതിന് ഞങ്ങള്‍ എന്നും തയ്യാറാണെന്നും അസ്ഹരി പറഞ്ഞു. ഇപ്പോള്‍ സജ്ജീവമാക്കാന്‍ ശ്രമിക്കുന്ന മുത്വലാക് വിഷയം അറിവില്ലാത്തവര്‍ പറയുന്നതാണ്, സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് മുത്വലാക്കുള്ളത്. സ്ത്രീകള്‍ക്ക് എതിരെയുള്ള ആക്രമണങ്ങള്‍ അവസാനിക്കണമെങ്കില്‍ ഇസ്ലാം പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കി നോക്കണം. സ്ത്രീ സുരക്ഷക്ക് വേണ്ടി യേശുദാസും കാരശ്ശേരിയും സിനിമാ സംഘടനയായ അമ്മ പറഞ്ഞതും സ്ത്രീകള്‍ അനുസരിച്ചാല്‍ മതിയെന്നും അദ്ദേഹം ഒര്‍മപ്പെടുത്തി. സ്ത്രീയുടെ വസ്ത്രധാരണം മാറണമെന്നാണ് യേശുദാസ് പറഞ്ഞതെങ്കില്‍ അമ്മ പറഞ്ഞത് രത്രി യാത്രയില്‍ ആണ്‍ തുണ ഇല്ലാതെ സ്ത്രീകള്‍ പുറത്തിറങ്ങരുത് എന്നാണ്. ഇതൊക്കെ തന്നെയാണ് ഇസ്ലാമിലും പറയുന്നത്. അത് കൊണ്ട് ഇസ്ലാം മതത്തെക്കുറിച്ച് മനസ്സിലാക്കാന്‍ മറ്റു മതസ്ഥര്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും മറ്റും സ്ത്രീകള്‍ക്ക് 50% സംഭരണം നടപ്പിലാക്കുക വഴി വലിയ തെറ്റാണ് ചെയ്തിരിക്കുന്നത്. ഇത്തരം തെറ്റുകള്‍ ഏറ്റുപിടിച്ച് മുസ്ലീം സ്ത്രീകള്‍ മറ്റുള്ളവരുടെ മുമ്പില്‍ അപഹാസ്യരാകുന്നു. സ്ത്രീകള്‍ക്ക് മാത്രമായുള്ള സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവര്‍ത്തിക്കാമെന്നും മുസ്ലീം സ്ത്രീകളെ വീട്ടിനകത്ത് ആരും തളച്ചിടാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ.അബ്ദുള്‍ ഹക്കീം അല്‍ അസ്ഹരിയുടെ ദര്‍ശന ടി.വിയിലെ ഈ അഭിമുഖം ഇതിനകം തന്നെ ജനശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ അടക്കം തരംഗമായിരിക്കുകയാണ് ഈ അഭിമുഖം.

അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം: കടപ്പാട് ദര്‍ശന ടി.വി

https://www.youtube.com/watch?v=gZuvbgJiKwY

0Shares